
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തി. ഓരോ കഥാപാത്രത്തിനും പാർവതി നൽകുന്ന മാനങ്ങൾ വളരെ വലുതായിരുന്നു. അവ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അഭിനയത്തിന് പുറമെ സാമൂഹികമായ വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ ഉറക്കെ പറയാൻ മടികാണിക്കാത്ത താരം ഇതിന്റെ പേരിൽ വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. ഇതെല്ലാം ഒരു വശത്ത് നടക്കുമെങ്കിലും നിലപാടിൽ പാർവതി എന്നും ഉറച്ചു നിന്നു. ഇപ്പോഴിതാ ചെറുപ്പ കാലത്ത് തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് പാർവതി തിരുവോത്ത്.
വേദനാജനകവും ആശയക്കുഴപ്പവും ഭയപ്പെടുത്തുന്നതുമായ നിമിഷങ്ങളായിരുന്നു അതെന്ന് പാർവതി പറയുന്നു. "ചെറുപ്പത്തിൽ റെയിൽവെ സ്റ്റേഷനിൽ അച്ഛനും അമ്മക്കുമൊപ്പം നിൽക്കുകയായിരുന്നു ഞാൻ. ഞാനന്ന് വളരെ ചെറുപ്പമാണ്. പെട്ടെന്ന് ഒരാൾ വന്ന് മാറിടത്തിൽ അടിച്ചിട്ട് ഓടിപ്പോയി. വെറുമൊരു സ്പർശനം ആയിരുന്നില്ല അത്. കഠിനമായ വേദനയാണ് സമ്മാനിച്ചത്. അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായിരുന്നില്ല. പേടിച്ചു പോയി", എന്ന് പാർവതി പറഞ്ഞു. ഹോട്ടർഫ്ലൈക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
"റോഡിലൂടെ നടക്കുമ്പോൾ ആണുങ്ങളുടെ കൈകൾ നോക്കി നടക്കണമെന്ന് അമ്മ പറഞ്ഞ് തന്നിരുന്നു. എല്ലാ സമയത്തും ജാഗ്രത പാലിക്കാൻ പറഞ്ഞു. ഒരമ്മ തന്റെ പെൺകുട്ടിയെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കണമെങ്കിൽ ആ സാഹചര്യം ഓർത്തുനോക്കൂ", എന്നും പാർവതി പറയുന്നു.
17-ാം വയസിൽ തനിക്ക് അറിയാവുന്നൊരാളിൽ നിന്നും നേരിട്ട ദുരനുഭവവും പാർവതി പങ്കുവച്ചു. "സ്‌കൂളിൽ പഠിക്കുമ്പോൾ നമുക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയേക്കാം. ആ വ്യക്തി നമ്മളെ ഒരു സ്വകാര്യ ഇടത്തിൽ വച്ച് ദുരുപയോഗം ചെയ്‌യുന്നു. നിങ്ങൾ അവരെ സ്നേഹിക്കുന്നുവെങ്കിൽ അതിന് അനുവദിക്കണമെന്ന് പറഞ്ഞ് സാധാരണവൽക്കരിക്കുന്നു. ഈ പറഞ്ഞ ആളോട് എനിക്ക് ക്രഷ് ഉണ്ടായിരുന്നു. അയാൾക്ക് കൺസെന്റ് എന്താണെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും മനസിലാക്കാനും എനിക്ക് മുപ്പത് വർഷം വേണ്ടി വന്നു", എന്ന് പാർവതി തിരുവോത്ത് പറയുന്നു.