'ലൈക്കും ഫോളോവേഴ്‌സുമല്ല ജീവിതം': കുറിപ്പുമായി സാധിക

By Web TeamFirst Published Jun 30, 2020, 10:40 PM IST
Highlights

ജീവിതം എന്നുപറയുന്നത് ഈ ആപ്പുകളോ, അതിലുള്ള ഫോളോവേഴ്‌സോ, അതില്‍ കിട്ടുന്ന ലൈക്കോ അല്ലെന്നും, ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും, അത് നമ്മള്‍ കണ്ടെത്തണമെന്നുമാണ് സാധിക പറഞ്ഞുനിര്‍ത്തുന്നത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട സാധിക കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. ഇതിനെല്ലാം താരം ശക്തമായ ഭാഷയില്‍ തന്നെ മറുപടിയും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഒരുപക്ഷെ കൊറോണാകാലത്ത്, ആളുകള്‍ സദാ ജാഗരൂകരായി ഇരിക്കേണ്ടതിനെപ്പറ്റിയുള്ള പോസ്റ്റുകള്‍ കൂടുതലായി ഇട്ട താരവും സാധികയാകും.

ഇപ്പോളിതാ ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെപ്പറ്റി ഒരു കുറിപ്പുതന്നെ എഴുതിയിട്ടിരിക്കുകയാണ് സാധിക. ചൈനീസ് സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളായ ടിക് ടോക്ക്, ഹലോ, ഷെയര്‍ഇറ്റ് തുടങ്ങിയവ നിരോധിച്ചതിന് പിന്നാലെയായിരുന്നു സാധികയുടെ കുറിപ്പ്. ജീവിതം എന്നുപറയുന്നത് ഈ ആപ്പുകളോ, അതിലുള്ള ഫോളോവേഴ്‌സോ, അതില്‍ കിട്ടുന്ന ലൈക്കോ അല്ലെന്നാണ് സാധിക പറയുന്നത്. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും, അത് നമ്മള്‍ കണ്ടെത്തണമെന്നുമാണ് സാധിക പറഞ്ഞുനിര്‍ത്തുന്നത്. നമ്മള്‍ എന്തായിരിക്കുന്നോ, അതില്‍ സന്തോഷിക്കുക എന്നുപറഞ്ഞാണ് സാധിക പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കുറിപ്പ് വായിക്കാം

'ഒരുപാട് മെസേജുകള്‍ വന്നു. ടിക് ടോക്, ഷെയറിറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും, എന്നെല്ലാം ചോദിച്ചുകൊണ്ട്. ഞാന്‍ ആദ്യമായി മൊബൈല്‍ഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്പത്തൂര്‍ പോയപ്പോളാണ്. അതായത്, ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാന്‍ ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളംകാലം, ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും, ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല.

ഈ ആപ്പുകളും, ഫോളോവേഴ്‌സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയമാണ്.'

നിരവധി ആളുകള്‍ സാധികയെ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ടുവരുന്നുണ്ട്. അതുപോലെതന്നെ നിരവധി ആളുകള്‍ സാധികയെ വിമര്‍ശിക്കുന്നുമുണ്ട്. ഇന്‍സ്റ്റാഗ്രാം പോലുള്ള ഒരു ആപ്പില്‍ സജീവമായ സാധികയ്ക്ക് ഇതെങ്ങനെ നിഷ്പക്ഷമായി പറയാന്‍ സാധിക്കുമെന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്.

click me!