താൻ അഭിനയിക്കുന്ന മൂന്ന് പുതിയ സിനിമകളെക്കുറിച്ചും ദാസേട്ടൻ കോഴിക്കോടുമൊത്തുള്ള ആൽബത്തെക്കുറിച്ചും പറഞ്ഞ് രേണു സുധി

ഉദ്ഘാടനങ്ങളും സിനിമാ, ആല്‍ബം ഷൂട്ടിംഗും വിദേശ യാത്രയുമൊക്കെയായി ജീവിതത്തില്‍ ഇപ്പോഴുള്ള തിരക്കിനെക്കുറിച്ച് രേണു സുധി. ശനിയാണോ ഞായറാണോ എന്നത് പോലും പലപ്പോഴും തനിക്ക് അറിയില്ലെന്നും കമ്മിറ്റ് ചെയ്ത ഡേറ്റുകളുടെ കാര്യം ഓര്‍മ്മിപ്പിക്കുന്നത് മാനേജര്‍ ആണെന്നും രേണു സുധി പറഞ്ഞു. ചേര്‍ത്തലയിലെ ഒരു മേക്കോവര്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം. താന്‍ അഭിനയിക്കുന്ന മൂന്ന് ചിത്രങ്ങള്‍ വരാനുണ്ടെന്നും ദാസേട്ടന്‍ കോഴിക്കോടുമൊത്ത് അഭിനയിക്കുന്ന ഒരു ആല്‍ബവും ചിത്രീകരിക്കാനുണ്ടെന്നും രേണു സുധി പറഞ്ഞു.

തിരക്കോട് തിരക്ക്

“ശനിയും ഞായറുമൊന്നും എനിക്ക് അറിയില്ല. ഡേറ്റ് മാനേജര്‍ ഓര്‍മ്മിപ്പിച്ച് വെക്കുന്നതുകൊണ്ട് അറിയാം. 26-ാം തീയതി, 28-ാം തീയതി എന്നൊക്കെ അറിയാം. ഉദ്ഘാടനങ്ങളുമായി നല്ല തിരക്കാണ്. സന്തോഷം. എന്തായാലും ഞാന്‍ ഉദ്ഘാടനം ചെയ്ത എല്ലാ സ്ഥാപനങ്ങളും ദൈവാനുഗ്രഹത്താല്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും ആല്‍ബത്തെക്കുറിച്ചും രേണു സുധി പറയുന്നു- ദാസേട്ടന്‍ കോഴിക്കോടും ഞാനും അഭിനയിക്കുന്ന ആല്‍ബം 30-ാം തീയതി ആണെന്ന് തോന്നുന്നു ഷൂട്ട്. ഞങ്ങള്‍ കുറേ നാളായി ഒരുമിച്ച് അഭിനയിച്ചിട്ട്. പിന്നെ നിധീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചേഞ്ച് എന്ന സിനിമ. രജിത് കുമാര്‍ സാര്‍ ഉണ്ട് ആ സിനിമയില്‍. പിന്നെ ശിവജി ഗുരുവായൂര്‍ സാറും അദ്ദേഹത്തിന്‍റെ മകനുമുണ്ട് ചിത്രത്തില്‍. വലിയ ഒരു താരനിര തന്നെ ആ സിനിമയില്‍ ഉണ്ട്. സൈജു കുറുപ്പ് ഉണ്ടെന്ന് തോന്നുന്നു. അതിന്‍റെ ഡബ്ബിംഗിന് ഇന്ന് വിളിച്ചതേ ഉള്ളൂ. നാളെ മുതല്‍ ഡബ്ബിംഗ് തുടങ്ങുകയാണ്. തിയറ്റര്‍ റിലീസ് ആയിരിക്കും ചിത്രം. അതില്‍ നല്ല ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് ഇറങ്ങാന്‍ പോകുന്നു”, രേണു സുധി പറയുന്നു.

“പിന്നെ രഞ്ജിത്ത് സിയ സംവിധാനം ചെയ്യുന്ന നിശ്ചയം എന്ന സിനിമ. കല്യാണം പശ്ചാത്തലമാക്കുന്ന സിനിമയാണ് അത്. അതില്‍ ചെക്കന്‍റെ സഹോദരിയുടെ റോള്‍ ആണ്. അതും ഇറങ്ങാനുണ്ട്. അതിന്‍റെ ഡബ്ബിംഗ് കഴിഞ്ഞു. പിന്നെയുള്ളത് ദയാവധം എന്ന സിനിമ. അതിന്‍റെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്നതേയുള്ളൂ”, രേണു സുധി പറയുന്നു. വിദേശ രാജ്യങ്ങളിലൊക്കെ പോകുമ്പോള്‍ ഇംഗ്ലീഷ് എപ്പോഴെങ്കിലും പഠിക്കണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രേണുവിന്‍റെ പ്രതികരണം ഇങ്ങനെ- “ബഹ്റിനില്‍ ഒക്കെ പോകുമ്പോള്‍ എന്ത് ഇംഗ്ലീഷ് പഠിക്കാനാ. ഹായ് ഹലോ എന്ന് പോരേ. ഇംഗ്ലീഷ് അത്യാവശ്യം അറിഞ്ഞിരിക്കണം”, രേണു സുധിയുടെ മറുപടി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming