
രസകരമായ കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷേപഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന പരമ്പരയില്‍ നായക കഥാപാത്രമായ 'ഉത്തമന്‍റെ' സഹോദരി 'പിങ്കി' അഥവാ 'പൈങ്കിളി'യായി എത്തുന്നത് ശ്രുതി രജനീകാന്ത് ആണ്. പരമ്പരയെക്കുറിച്ചും അതിലേക്ക് എത്തിയതിനെക്കുറിച്ചും പറയുകയാണ് ശ്രുതി, ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍.
"ഞാൻ സീരിയലുകൾ കാണാറില്ല, പക്ഷേ, ഈ ഫാമിലി ഫൺ ഫോർമാറ്റ് എനിക്ക് ഇഷ്ടമാണ്. അതാണ് എന്നെ ഇതിലേക്ക് നയിച്ചത്. കൊവിഡ് കാരണം സിനിമാ മേഖല നിശ്ചലമായിരുന്നു. ആ സമയത്ത് ഈ ഓഫർ വന്നപ്പോൾ സ്വീകരിക്കുകയായിരുന്നു. ഞാൻ ഒരു പ്ലസ് ടു വിദ്യാർത്ഥിയാണോ എന്ന് ആളുകൾ ഇപ്പോഴും ചോദിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് എന്നെ ഒരു അമ്മയായി അംഗീകരിക്കാൻ കഴിയുമോ എന്ന് തുടക്കത്തിൽ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആരെങ്കിലും അമ്മേ എന്ന് വിളിക്കുമ്പോഴൊക്കെ എന്നെയാണോ എന്ന് നോക്കും. മാതൃബോധം ഉണർന്നതുപോലെ ഇപ്പോൾ ഫീൽ ചെയ്യുന്നുണ്ട്", ശ്രുതി പറയുന്നു.
"റൈഹുവിനും എനിക്കുമിടയില്‍ നല്ല അടുപ്പമുണ്ട്. കാരണം ഞങ്ങൾ മിക്കവാറും എല്ലാ ദിവസവും ഒരുമിച്ചാണ് ചെലവഴിക്കുന്നത്." അതുകൊണ്ടുതന്നെയാവാം പ്രേക്ഷകർ തങ്ങളെ ഹൃദയപൂര്‍വ്വം സ്വീകരിച്ചതുമെന്നും ശ്രുതി പറയുന്നു. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെൽദോ'യിൽ ആസിഫ് അലിയുടെ നായികാ വേഷത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി. ഈ ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്. സംപ്രേഷണം ആരംഭിച്ച് വൈകാതെതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നു എന്നതിലൂടെയാണ് ചക്കപ്പഴം തുടക്കത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്.