
സിനിമ സീരിയല്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് യമുന(yamuna). കൊല്ലം സ്വദേശിനിയായ യമുന ദൂരദര്‍ശനിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. നിരവധി പരമ്പരകളും സിനിമകളും ചെയ്തിട്ടുള്ള യമുനയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത് ദൂരദര്‍ശനിലെ 'ജ്വാലയായ്' എന്ന പരമ്പരയായിരുന്നു. എന്നാല്‍ അടുത്തിടെ യമുനയെ പ്രേക്ഷകര്‍ സ്വീകരിച്ചത് ചന്ദനമഴ പരമ്പരയിലൂടെയായിരുന്നു(serial). ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍(facebook) കുറിച്ചിരിക്കുകയാണ് യമുന.
അമ്മ മകള്‍ എന്ന സീ കേരളത്തിലെ പരമ്പരയിലാണ് യമുന എത്തുന്നത്. സത്യ എന്ന പെണ്‍കുട്ടി, നിറപകിട്ട് തുടങ്ങിയ പരമ്പരകള്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൈസല്‍ അടിമാലിയാണ് അമ്മ മകള്‍ സംവിധാനം ചെയ്യുന്നത്. കെ.വി അനിലിന്റെ തിരക്കഥയെ തിരശീലയിലെത്തിക്കുന്ന നിര്‍മ്മാതാക്കള്‍ മോഡി മാത്യുവും ജയചന്ദ്രനുമാണ്. വലിയൊരു താരനിരതന്നെ അണിനിരക്കുന്ന പരമ്പരയില്‍ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നതിന്റെ സന്തോഷമാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം യമുന പങ്കുവച്ചത്.
യമുനയുടെ കുറിപ്പ് ഇങ്ങനെ
' 'അമ്മ മകള്‍' എന്ന എന്റെ പുതിയ സീരിയല്‍ ഈ ആഴ്ച, ഒക്ടോബര്‍ 25 തിങ്കള്‍ രാത്രി ഒന്‍പതു മണിക്ക് സീ കേരളം ചാനലില്‍ ആരംഭിക്കുകയാണ്. ഫൈസല്‍ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാന്‍ ചെയ്യുന്ന നാലാമത്തെ പരമ്പര.
നിറപ്പകിട്ട്, സുന്ദരി, സത്യ എന്ന പെണ്‍കുട്ടിക്കു ശേഷം 'അമ്മ മകള്‍'. പിണങ്ങിയാലും ഇണങ്ങുന്ന, ദേഷ്യം ഉള്ളില്‍ വയ്ക്കാത്ത നല്ലൊരു സൗഹൃദത്തിനു ഉടമയാണ് ഫൈസല്‍. സംവിധായകന്‍ എന്ന നിലക്ക് നിര്‍മാതാവിനു വേണ്ട കരുതലും അര്‍ഹിക്കുന്ന ബഹുമാനവും നല്‍കുന്ന ഒരാളാണ് ഫൈസല്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു കഥ എങ്ങനെ പ്രേക്ഷക മനസ്സുകളില്‍ എത്തിക്കാം എന്ന് നന്നായി അറിയാവുന്ന ഒരു ക്രീയേറ്റര്‍. ഫൈസല്‍ എന്നെ ഈ പ്രോജക്ടിലേക്കു വിളിച്ചപ്പോള്‍ത്തന്നെ കാരക്ടര്‍ എന്താണന്നു ചോദിക്കാതെ ഞാന്‍ ഓക്കേ പറഞ്ഞു. ഞാന്‍ എന്ന കലാകാരിക്ക് അര്‍ഹിക്കുന്ന സ്ഥാനം ഫൈസല്‍ ഇന്നുവരെ തന്നിട്ടുള്ളത്തിന്റെ വിശ്വാസം. ഈ പരമ്പരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.
കെ.വി അനില്‍ എന്ന സ്‌ക്രിപ്റ്റ് റൈറ്ററെക്കുറിച്ച് ഒരുവാക്ക് പറയാതെ വയ്യ. വര്‍ഷങ്ങളായി അറിയാം അദ്ദേഹത്തെ. എ.എം നസീറിന്റെ സംവിധാനത്തില്‍ അദ്ദേഹം എഴുതിയ 'മകളുടെ അമ്മ' എന്ന പരമ്പരയിലാണ് അവസാനമായി അദ്ദേഹത്തോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തത്. കഥാപാത്രങ്ങളുടെ വികാര-വിചാരങ്ങള്‍ വാക്കുകളില്‍ സന്നിവേശിപ്പിക്കാനുള്ള അനിലിന്റെ ഉള്‍ക്കാഴ്ച എടുത്തു പറയേണ്ടതുതന്നെ. വീണ്ടും ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം ഞാന്‍ മറച്ചു വയ്ക്കുന്നില്ല.
ചെറുപ്പക്കാരായ മോഡി മാത്യുവും ജയചന്ദ്രനുമാണ് പ്രൊഡ്യൂസഴ്‌സ്. അവര്‍ സെറ്റിലുള്ളത് എല്ലാവര്ക്കും പുതിയ ഒരു ഊര്‍ജ്ജം പകരുന്നു. ഇവർ എല്ലാവരെയും കോര്‍ത്തിണക്കി എല്ലാവർക്കും ശ്രദ്ധ കൊടുത്തു ഷൂട്ടിംഗ് ഒരുത്സവമാക്കുന്നു. 'പൂക്കാലം വരവായി'ക്കു ശേഷം ക്ലാസിക് ഫ്രയിമ്‌സിന്റെ ബാനറില്‍ ഇവര്‍ നിര്‍മ്മിക്കുന്ന സീരിയല്‍ ആണ് 'അമ്മ മകള്‍'. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും 'അമ്മ മകള്‍'. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും എനിക്കും ഈ പ്രോജെക്ടിനും ഉണ്ടാവുമല്ലോ. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ യമുന."