ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണന്‍ തന്‍റെ ഉദ്ഘാടന വേദികളിലെ 'ലൗഡ്' പെരുമാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു

ബിഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും ജനപ്രിയ മത്സരാര്‍ഥികളെ എടുത്താന്‍ അതില്‍ സീസണ്‍ 4 ലെ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ടാവും. അച്ചടക്ക നടപടിയെ തുടര്‍ന്ന് ഫിനാലെ എത്തുന്നതിന് മുന്‍പ് പുറത്തായെങ്കിലും ആ സീസണിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ഥി റോബിന്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഉദ്ഘാടന വേദികളിലും ബിഗ് ബോസിലേതുപോലെ പലപ്പോഴും ലൗഡ് ആയ റോബിനെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ താന്‍ അത്തരത്തില്‍ ലൗഡ് ആയിട്ടുള്ള ഒരു വ്യക്തിയല്ലെന്ന് പറയുകയാണ് റോബിന്‍ പുതിയ അഭിമുഖത്തില്‍. ഉദ്ഘാടന വേദികളിലെ പെരുമാറ്റത്തിന് പിന്നിലെ കാര്യത്തെക്കുറിച്ചും റോബിന്‍ പറയുന്നു. സിവില്‍സ് 360 ഐഎഎസിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് റോബിന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

റോബിന്‍ പറയുന്നു

“മെയില്‍ ഷോവനിസ്റ്റ് ആയ ഒരാളല്ല ഞാന്‍. എല്ലാവരെയും ഒരേപോലെ കാണുന്ന ഒരു മനുഷ്യനാണ്. എന്‍റെ സഹമത്സരാര്‍ഥികളില്‍ ആരോ പറഞ്ഞതുപോലെ ഞാന്‍ ഒരു ടോക്സിക് സൈക്കോപാത്ത് ആണെന്നൊക്കെ കരുതുന്നവര്‍ ഉണ്ട്. ശരിക്കും ഞാന്‍ അത്രയും ടോക്സിക് ആയ ആളൊന്നുമല്ല. ദേഷ്യം അടക്കം മനുഷ്യ വികാരങ്ങളൊക്കെ ഉള്ള ഒരാള്‍ എന്നേ ഉള്ളൂ. ബി​ഗ് ബോസ് കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ലൗഡ് ആയിട്ട് നിന്നാലേ ശ്രദ്ധിക്കപ്പെടൂ. ഒരു ഉദ്ഘാടനത്തിന് ചെല്ലുമ്പോള്‍ അവര്‍ തന്നെ അത്തരത്തില്‍ ആവശ്യപ്പെടും. 20 മിനിറ്റ് നില്‍ക്കുന്നതിന് മൂന്ന് ലക്ഷം രൂപ തരുമ്പോള്‍ അവര്‍ പറയും ഒരു ഓളമുണ്ടാക്കി തരണമെന്ന്. അപ്പോള്‍ അത് ഞാന്‍ ചെയ്തുകൊടുക്കാറുണ്ടായിരുന്നു. അത് എല്ലാ സ്ഥലത്തും ചെയ്തിട്ടുമില്ല. ഞാന്‍ ചെയ്ത 146 ഉദ്ഘാടനങ്ങളില്‍ പത്തോ പതിനഞ്ചോ സ്ഥലത്ത് മാത്രമേ അത് നടന്നിട്ടുമുള്ളൂ. പക്ഷേ സോഷ്യല്‍ മീഡിയയില്‍ അതാവും ആളുകള്‍ എടുത്ത് ഓഡിറ്റ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ മുന്നിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. ഒരു കോളെജില്‍ മാത്രമേ ഞാന്‍ ലൗഡ് ആയി സംസാരിച്ചിട്ടുള്ളൂ. ആ സമയത്ത് അത്രയും ഫ്രസ്ട്രേഷനിലൂടെ കടന്നുപോയിരുന്നു. ഒരുപാട് കാര്യങ്ങള്‍ എനിക്കെതിരെ വന്ന സമയത്ത് ഞാന്‍ പൊട്ടിത്തെറിച്ചുപോയതാണ്. അത് എന്‍റെ ഭാ​ഗത്തുണ്ടായ വീഴ്ചയാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെയ്യാന്‍ പാടില്ലാത്തതായിരുന്നു എന്ന്. അതിന് ശേഷം ഞാന്‍ അത് ആവര്‍ത്തിച്ചിട്ടില്ല”, റോബിന്‍ പറയുന്നു.

ഇപ്പോള്‍ താന്‍ ലൈം ലൈറ്റില്‍ ഇല്ലെന്നും ഒരു വലിയ ആ​ഗ്രഹത്തിന് പിന്നാലെയുള്ള പരിശ്രമത്തിലാണെന്നും റോബിന്‍ പറയുന്നു. “ബി​ഗ് ബോസ് സമയത്ത് ഒരു വലിയ വിജയത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ നോക്കുകയാണെങ്കില്‍ എന്‍റെ വിജയം കുറഞ്ഞു. ഞാന്‍ വലുതായിട്ട് ലൈം ലൈറ്റില്‍ ഇല്ല. ലൈവ് ആയിട്ട് നില്‍ക്കുന്നില്ല. അതിനുവേണ്ടി ഞാന്‍ ഇനിയും ഹാര്‍ഡ് വര്‍ക്ക് ചെയ്യണം. കഠിനാധ്വാനം ചെയ്യുമ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യം ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും”, റോബിന്‍ പറയുന്നു. പത്ത് വര്‍ഷം കഴിഞ്ഞ് സ്വയം എവിടെ നില്‍ക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് റോബിന്‍റെ പ്രതികരണം ഇങ്ങനെ- “പത്ത് വര്‍ഷം കഴിഞ്ഞ് സ്വയം എങ്ങനെയാണ് കാണുന്നത് എന്ന് ചോദിച്ചാല്‍ ഒരു നല്ല മനുഷ്യനായി തുടരണം എന്നാണ് എന്‍റെ ആ​ഗ്രഹം. എന്‍റേതായിട്ടുള്ള കുറേ ആ​ഗ്രഹങ്ങള്‍ സാധിക്കണമെന്നുണ്ട്. അടുത്ത സെക്കന്‍റ് പോലും എന്താണെന്ന് അറിയാത്ത ഒരു ലോകത്താണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം എന്നെ കാണുന്നവര്‍ എന്നെ ഇഷ്ടപ്പെട്ടാല്‍ മാത്രം മതി. കുറേപ്പേരുടെ അനു​ഗ്രഹം മാത്രം മതി. എന്‍റെ നേട്ടമായി കരുതുന്നത് ഒരുപാട് പേരുടെ സ്നേഹവും അനു​ഗ്രഹവുമാണ്. അതുണ്ടെങ്കില്‍ നമുക്ക് എല്ലാ കാര്യങ്ങളും സാധിക്കും. പക്ഷേ എന്‍റെ ആ​ഗ്രഹങ്ങളെല്ലാം വലുതാണ്. എന്‍റെ വൈഫിന് അറിയാം. അത് ഒരിക്കലും എനിക്ക് പറയാന്‍ പറ്റില്ല. അത്രയും വലിയൊരു ആ​ഗ്രഹവുമായിട്ടാണ് ഇപ്പോള്‍ ഉള്ളത്. അതിന് വേണ്ടി ഞാന്‍ ശ്രമിക്കുന്നുണ്ട്. അതിലേക്ക് എത്തട്ടെ. ബി​ഗ് ബോസിലേക്ക് പോകണമെന്ന് ആ​ഗ്രഹമുണ്ടെന്ന് ആദ്യ സീസണ്‍ കഴിഞ്ഞപ്പോഴേ പറഞ്ഞാല്‍ ചിലപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കുമായിരുന്നു. നീയോ, ബി​ഗ് ബോസിലോ എന്ന് ചിലപ്പോള്‍ ചോദിച്ചേനെ. പക്ഷേ ഇനിയിപ്പോള്‍ ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ. ചില ആ​ഗ്രഹങ്ങള്‍ നമ്മുടെ ഉള്ളില്‍ നില്‍ക്കുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഒന്നുകില്‍ അത് അച്ചീവ് ചെയ്യാന്‍ പോകുന്ന സാഹചര്യത്തില്‍ അവര്‍ അറിയട്ടെ”, റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming