
നിവിൻ പോളി നായകനായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് സിനിമാ ലോകത്തെ പുതിയ ചർച്ച. റിലീസ് ദിനത്തെ ആദ്യത്തെ ഷോ മുതൽ പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ നേട്ടം കൊയ്യുകയാണ്. റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ മാത്രം 100 കോടി വൈകാതെ ചിത്രം തൊടും. ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്ത ദിവസം മുതൽ പുനർജന്മം ലഭിച്ചൊരു പാട്ടാണ് 'യവന കഥയിൽ..' എന്ന ഗാനം. 30 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്യാതെ പോയ അന്ന എന്ന ചിത്രത്തിലെ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ റീലുകളിലെ താരമാണ്.
തതവസരത്തിൽ ബിഗ് സ്ക്രീനിൽ കാണാനാകാതെ പോയ 'യവന കഥയിലി'ന്റെ ദൃശ്യാവിഷ്കാരം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. എഐ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അന്നയിൽ നടനായിരുന്ന അരവിന്ദ് സ്വാമിയാണ് ഗാനരംഗത്തും ഉള്ളത്. നായികയായി രേവതിയെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ വിഷ്വൽസും മേക്കിങ്ങും ആയെത്തിയ എഐ വീഡിയോ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. രേവതിയ്ക്ക് പകരം മീനയെ ഉൾപ്പെടുത്തിയും വീഡിയോകൾ വന്നിട്ടുണ്ട്. 'ഇത് ചെയ്തവന് ഒരു കുതിരപവൻ' എന്നാണ് പ്രശംസാ കമന്റുകളിൽ മലയാളികൾ കുറിച്ചിരിക്കുന്നത്.
ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനമാണ് യവന കഥയിൽ. ഷിബു ചക്രവർത്തിയായിരുന്നു രചന. 'യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഉണ്ടാക്കിയ പാട്ട് ഇതായിരുന്നില്ല. ഒരു ലവ് സോംഗ് വേണം. വേറൊരു ട്യൂൺ ആയിരുന്നു ഔസേപ്പച്ചന്‍ ആദ്യം ഇട്ടത്. അതിന് ഞാന്‍ എഴുതിയത് 'കറുകപ്പുല്‍ മേട്ടിലെ ഇടയ പെണ്‍കൊടിയേ..' എന്നാണ്. എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും എനിക്കൊരു തൃപ്തിക്കുറവ് ഉണ്ടായി. പിന്നീട് അത് മാറ്റി യവന കഥയിൽ വരികയായിരുന്നു', എന്നായിരുന്നു പാട്ടിനെ കുറിച്ച് ഷിബു ചക്രവർത്തി പറഞ്ഞത്.