മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റായി അക്ഷയ് കുമാര്‍, വൈറലായി വീഡിയോ

By Web TeamFirst Published Aug 13, 2019, 8:23 PM IST
Highlights

 സോനാക്ഷി സിൻഹയ്‍ക്ക്  അക്ഷയ് കുമാര്‍ മേയ്‍ക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്.

അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ റിലീസിന് തയ്യാറാകുകയാണ്. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അക്ഷയ് കുമാര്‍, ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി എത്തുന്ന സോനാക്ഷി സിൻഹയ്‍ക്ക് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്. നിരവധി പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന  ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാറിന് പുറമേ വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

click me!