
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് വാനമ്പാടി. പരസ്‍പരം തിരിച്ചറിയാത്ത മക്കളുടെയും മാതാപിതാക്കളുടെയും വൈകാരിക കഥ പറയുന്ന പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. സീരിയലിനൊപ്പംതന്നെ സ്‌നേഹത്തോടെയാണ് പ്രേക്ഷകര്‍ അതിലെ അഭിനേതാക്കളേയും ഇരുകൈയും നീട്ടി സ്വീകരിച്ചത്.
പ്രേക്ഷകരുടെ വീട്ടിലെ കുട്ടിയെ എന്നപോലെ ഏറ്റെടുത്ത തംബുരുവിന്റെയും അനുമോളുടെയും മറ്റ് കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥ ജീവിത വിശേഷങ്ങളും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ അറിയുന്നത്. അച്ഛനെ തേടിയിറങ്ങുന്ന പെണ്‍കുട്ടി ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന പരമ്പരയിലെ അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗരി പ്രകാശ് ആണ്.
ചെറുപ്പത്തില്‍ തന്നെ സീരിയലിലേക്ക് എത്തിയ ഗൗരി, പരമ്പര അഞ്ഞൂറ് എപ്പിസോഡുകള്‍ വലിയ കഥാപാത്രമായി വളര്‍ന്നുകഴിഞ്ഞു. വളര്‍ച്ചയില്‍ തന്റെ അഭിനയ ശൈലിയിലും ഗൗരി പക്വത കാണിക്കുന്നുണ്ട്. ഇതുതന്നെയാണ് ആരാധകരുടെ ഇഷ്‍ട താരങ്ങളിലൊന്നായി ഗൗരി മാറാന്‍ കാരണവും. പരമ്പരയിലെ തന്നെ അര്‍ച്ചന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുശ്രീയുമൊത്തുള്ള ഗൗരിയുടെ ടിക് ടോക് വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. നിരന്തരം വീഡിയോകള്‍ ചെയ്യുന്ന ഇരുവരുടെയും പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
മണിച്ചിത്രത്താഴ് സിനിമയിലെ രംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നാഗവല്ലിയായി ഗൗരിയും മോഹന്‍ലാലിന്റെ സണ്ണി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിന് അഭിനയവുമായി അനുശ്രിയും എത്തിയപ്പോള്‍ സംഭവം തരംഗമായി. നാഗവല്ലിയായി എത്തിയ ഗൗരിയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. തകര്‍പ്പന്‍ പ്രകടനമാണ് ഗൗരി കാഴ്‍ചവക്കുന്നതെന്ന് ആരധകര്‍ പ്രതികരിക്കുന്നു. ഈ പ്രായത്തില്‍ ഇങ്ങനെ ചെയ്‍താല്‍ വലുതാകുമ്‌പോള്‍ എന്താകുമെന്ന് പ്രതികരിച്ചവരും ആരാധകരുടെ കൂട്ടത്തിലുണ്ട്.
വീഡിയോയെ കുറിച്ച് വെറുതെയുള്ള പുകഴ്ത്തലുകളല്ല നടക്കുന്നതെന്ന് വ്യക്തമാകുന്നതാണ് ഇരുവരുടെയും പ്രകടനം.