'സിനിമയെ വെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു'; അച്ഛനെ ഓർത്ത് നിറകണ്ണുകളോടെ കുഞ്ചാക്കോ ബോബന്‍

By Web TeamFirst Published Dec 24, 2020, 11:05 PM IST
Highlights

ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്ന ഒരു കാര്യത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ, ചാക്കോച്ചന്‍ തന്‍റെ പിതാവ് ബോബൻ കുഞ്ചാക്കോയെക്കുറിച്ച് വൈകാരികമായാണ് പ്രതികരിച്ചത്.

ഫാന്‍ ഫൈറ്റ് ചര്‍ച്ചകളിലേക്കൊന്നും കടന്നുവരാത്ത താരം, അഥവാ എല്ലാത്തരം പ്രേക്ഷകര്‍ക്കും പ്രിയങ്കരനായ താരം, മലയാളികളെ സംബന്ധിച്ച് അതാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് മുതൽ ഇന്നുവരെ മലയാളികൾക്കിടയിലുണ്ട് ചാക്കോച്ചൻ. ഈ സ്വീകാര്യത തന്നെയാണ്  'ചങ്കാണ് ചക്കോച്ചൻ' എന്ന ഏഷ്യാനെറ്റിന്‍റെ  ഷോയിലും പ്രകടമായത്. മറ്റു താരങ്ങള്‍ക്കൊപ്പമുള്ള തകർപ്പൻ പ്രകടനങ്ങൾ കൂടാതെ ഷോയിൽ ചില വൈകാരിക നിമിഷങ്ങളും ചാക്കോച്ചനെ സംബന്ധിച്ച് ഉണ്ടായിരുന്നു.

കുഞ്ചാക്കോ ബോബനെ ഷോയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ ഏഷ്യാനെറ്റ് പ്രദർശിപ്പിച്ചിരുന്നു. തന്‍റെ വ്യക്തിജീവിതത്തിലെയും അഭിനയ ജീവിതത്തിലെയും ഓർമകളുടെ താഴ്വാരത്തിലൂടെ  സഞ്ചരിക്കുന്ന വീഡിയോ കണ്ണീരോടെയാണ് ചാക്കോച്ചൻ കണ്ടുതീർത്തത്. തനിക്ക് ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്ന ഒരു കാര്യത്തെക്കുറിച്ച്  അവതാരക ചോദിച്ചപ്പോൾ, ചാക്കോച്ചന്‍ തന്‍റെ പിതാവ് ബോബൻ കുഞ്ചാക്കോയെക്കുറിച്ച് വൈകാരികമായാണ് പ്രതികരിച്ചത്.

'സിനിമയിലേക്ക് വരാനായിട്ട് ഒരു കാരണം, അല്ലെങ്കിൽ അനുഗ്രഹം, അപ്പൻ തന്നെയായിരിക്കണം. സിനിമയെ വെറുത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. സിനിമയോട് വിരോധം ഉള്ള ഒരു പയ്യൻ, ഒരുതരത്തിലും സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ഞാൻ പാച്ചിക്കയുടെ 'അനിയത്തിപ്രാവ്' എന്ന സിനിമയിലേക്ക് വരികയും, അതൊരു ചരിത്ര വിജയമായതും അദ്ദേഹത്തിന്‍റെ ആഗ്രഹം തന്നെയാകാം. ഒരു ഇടവേളയെടുത്ത ശേഷവും സിനിമകളിലേക്ക് തിരിച്ചുവരാൻ എന്നെ പ്രേരിപ്പിച്ചതും അതേ കാരണം തന്നെയായിരിക്കണം'- ചാക്കോച്ചൻ വേദിയിൽ പറഞ്ഞു.

click me!