തന്‍റെ പുതിയ ചിത്രത്തിനായി താടിയെടുത്ത ന്യൂ ഗെറ്റപ്പില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്തി മോഹന്‍ലാല്‍
തന്‍റെ ആരാധകരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്ന താരമാണ് മോഹന്‍ലാല്‍. ഇടയ്ക്ക് അവരുടെ ആവശ്യപ്രകാരം അവര്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട് മോഹന്‍ലാല്‍. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം അത്തരം ഒരു ഫോട്ടോഷൂട്ട് നടന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ സംഘാടനത്തിലാണ് പരിപാടി നടന്നത്. മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കാന്‍ ആരാധകരുടെ വലിയ സംഘമാണ് എത്തിയിരുന്നത്. ഇടവേളയ്ക്ക് ശേഷം താടിയെടുത്ത ന്യൂ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ഗെറ്റപ്പിലാണ് ആരാധകര്‍ക്കൊപ്പം മോഹന്‍ലാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും. നീരസമൊന്നും കൂടാതെ ഓരോരുത്തര്‍ക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മോഹന്‍ലാലിനെ ഫാന്‍സ് തന്നെ പുറത്തിറക്കിയ വീഡിയോയില്‍ കാണാം.
അതേസമയം തുടരും സംവിധായകനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രം. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു തുടരും. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയവുമായിരുന്നു ചിത്രം. പുതിയ ചിത്രത്തില്‍ പൊലീസ് യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലൗലജന്‍ എന്ന എസ്ഐ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം. സിനിമയുടെ ചിത്രീകരണം ഒരു മാസം പിന്നിട്ടിട്ടുണ്ട്. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍. മീര ജാസ്മിന്‍ ആണ് നായിക. എല്‍ 366 എന്നാണ് ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍.
ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ഖ്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിവേക് ഹർഷൻ. അതേസമയം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മോഹന്‍ലാലിന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ദൃശ്യം 3 ആണ് അത്. ഏപ്രില്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന മലയാളം റിലീസ് ആണ് ഇത്.



