
മലയാളത്തിന്റെ പ്രിയ നടനാണ് മോഹൻലാൽ. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ വിളങ്ങി നിൽക്കുന്ന ആ താര പ്രതിഭ മോളിവുഡിന് സമ്മാനിച്ചത് മറ്റാരാലും അനുകരിക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങൾ. കാലമെത്ര കഴിഞ്ഞാലും കാലാനുവർത്തികളായി നിൽക്കുന്നവ. ഇന്നും പുത്തൻ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹൻലാലിന്റെ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം താടി എടുത്ത മോഹൻലാലിന്റെ ലുക്കായിരുന്നു ഇത്.
മോഹൻലാൽ തന്നെയാണ് തന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയാണിത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ മോഹൻലാലിനായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ്. താരത്തിന്റെ താടി ഇല്ലാത്ത ലുക്കും കഥാപാത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള വീഡിയോയാണ് ഏഷ്യാനെറ്റ് പുറത്തിറക്കിയിരുക്കുന്നത്. "വീണ്ടും വിസ്മയിപ്പിക്കാൻ ഒരേയൊരു ലാലേട്ടൻ..", എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്. "ചുമ്മാ ഒന്ന് താടി എടുത്താ അതും ട്രെൻഡ്, ഏട്ടൻ താടി എടുത്ത് ഒരു പിക് പോസ്റ്റ് ചെയ്തു. മൊത്തം സോഷ്യൽ മീഡിയ ഇജ്ജാതി ആഘോഷം", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പടത്തിന് വേണ്ടിയാണ് മോഹൻലാൽ താടി എടുത്തത്. രതീഷ് രവി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. ആഷിഖ് ഉസ്‍മാന്‍ ആണ് നിർമാണം. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.