'അച്ഛന്‍ വിട്ടുപോയിട്ട് പത്ത് ദിവസങ്ങളായി' : വൈകാരിക കുറിപ്പുമായി ബിജേഷ്

By Web TeamFirst Published Jun 5, 2021, 7:19 PM IST
Highlights

അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്നലേക്ക് പത്തുദിവസമായി എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം ബിജേഷ് അച്ഛന്റെ ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവച്ചത്.

നപ്രിയ മലയാള പരമ്പരയായ സാന്ത്വനത്തില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷിനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ടിക് ടോക് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ ബിജേഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളുമുണ്ട്. ബിജേഷിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ കാണാതെയിരുന്നത് എന്താണെന്ന് ആരാധകര്‍ തിരക്കിയിരുന്നു. കഴിഞ്ഞ മാസം അവസാനം ബിജേഷിന്റെ അച്ഛന്‍ മരണപ്പെട്ടത് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് അറിയാമായിരുന്നത്.

അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്നലേക്ക് പത്തുദിവസമായി എന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം ബിജേഷ് അച്ഛന്റെ ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവച്ചത്. ജിവിതത്തില്‍ ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്ന അച്ഛന് ആദരവറിയിച്ചുകൊണ്ട്, അച്ഛന്റെ സ്‌നേഹത്തെപ്പറ്റി കുറിപ്പിച്ചതിനൊപ്പം ബിജേഷ് നാല് വരി ഓര്‍മ്മഗീതവും പങ്കുവച്ചിട്ടുണ്ട്. ബിജേഷിന്റെ ആരാധകരെല്ലാംതന്നെ അച്ഛന് ആദരാഞ്ജലികള്‍ കമന്റായി പങ്കുവച്ചിട്ടുണ്ട്. 

ബിജേഷിന്റെ കുറിപ്പ് വായിക്കാം

'എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെക്ക് 10 നാള്‍ കഴിഞ്ഞു . ഓര്‍മവച്ച നാളു മുതല്‍ ഒരു പത്തു ദിവസം മുന്‍പ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛന്‍... ഒടുവിലെ യാത്രക്ക് മുന്‍പ് മാത്രം...
'മോനെ... അച്ഛന് തീരെ വയ്യെടാ...' എന്ന് വേദന കൊണ്ട് പുളയുന്ന ഏതോ നിമിഷത്തില്‍ ആശുപത്രി കിടക്കയില്‍ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞത് മാത്രം... ഇപ്പോളും എന്റെ കാതുകളില്‍ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ... മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛന്‍ എന്ന തോന്നല്‍ ബാക്കി.

'പകര്‍ന്നു നല്‍കുവാനാവിലൊരിക്കലും ഇനി ..,
പകരമെന്‍ സ്‌നേഹമല്ലാതൊന്നുമൊന്നും ...
പടര്‍ന്നു പന്തലിച്ചൊരാച്ഛന്റെ വാത്സല്യം...,
പകുത്തു നല്‍കുവാന്‍ പകലിനുമാവില്ല.
പൊഴിഞ്ഞ പൂവിലെ പൊലിഞ്ഞ പുഞ്ചിരി...,
പറഞ്ഞ വാത്സല്യം മറക്കുവാനുമാകില്ല.
പതിഞ്ഞു പോയ്... പവിഴം പതിച്ച പോല്‍...
പകുത്തു തന്നോരാ പൈതൃകം അകതാരില്‍.
പിരിയുകില്ലൊരിക്കലും... എന്‍ മനം...,
പ്രിയമുള്ളൊരെന്‍ അച്ഛന്റെ ഓര്‍മ്മയെ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!