
ഇന്ന് ലോകമെമ്പാടും എ ഐ(ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്) ടൂളാണ് പ്രധാന താരം. ഏത് കലാവിരുതിനും ഭൂരിഭാഗം പേരും ആശ്രയിക്കുന്നതും എ ഐയെ തന്നെ. ഇത്തരത്തിലുള്ള ഏറെ രസകരവും കൗതുകകരവുമായ ഒട്ടനവധി സൃഷ്ടികൾ സോഷ്യൽ ലോകത്ത് കാണാൻ സാധിക്കും. എന്തിനേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോകൾ വരെ ഇപ്പോൾ എഐ സൃഷ്ടി ആയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധനേടിയിരിക്കുന്നത്.
ബോളിവുഡിലെ പ്രമുഖ താരങ്ങൾ സാധാരണക്കാരായി എത്തുന്നതാണ് ഈ എഐ വീഡിയോ. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പാദുകോൺ, ആലിയ ഭട്ട് തുടങ്ങി ഒട്ടനവധി താരങ്ങളാണ് എ ഐ സൃഷ്ടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമ അല്ലായിരുന്നുവെങ്കിൽ ഈ താരങ്ങളെല്ലാം ഒരുപക്ഷേ ഈ ജോലികളാകാം ചെയ്തിരിക്കുക എന്ന കോൺസപ്റ്റിലാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഓട്ടോ ഒടിക്കുകയും ചായ അടിക്കുകയും ചെയ്യുന്ന ഷാരൂഖ് ഖാനെ വീഡിയോയിൽ കാണാനാകും. ചോളം വിൽപ്പനക്കാരിയായി ദീപിക പാദുകോൺ എത്തുമ്പോൾ, വഴിയോരത്ത് ബൺവിൽപ്പനക്കാരിയായിട്ടാണ് കരീന കപൂർ എത്തുന്നത്. രൺവീർ സിംഗ് പൊറോട്ടയുണ്ടാക്കുന്നുണ്ട്. കത്രീന കൈഫ് ആകട്ടെ ദോശ വിൽപ്പനക്കാരിയായിട്ടാണ് എത്തിയിരിക്കുന്നത്. ചോളം വിൽക്കുന്ന ഹൃത്വിക് റോഷനെയും പാനിപൂരി വിൽക്കുന്ന ആലിയഭട്ടിനെയും വീഡിയോയിൽ കാണാം. പ്രിയങ്ക ചോപ്ര ബസ് കണ്ടക്ടറായി എഐ ഭാവനയിൽ എത്തിയപ്പോള്‍ സൽമാൻ ഖാൻ ജിം ട്രെയിനറായാണ് എത്തിയത്.
എന്തായാലും ഈ ബോളിവുഡ് എഐ ആരാധകരും ജനങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വ്യൂവ്സ് ആണ് ഓരോ വീഡിയോയ്ക്കും ഉള്ളത്. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇവരൊക്കെ ഈ ജോലികൾ ചെയ്തിരിക്കാം എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഒപ്പം തങ്ങളുടെ എഐ വിരുത് കമന്റിടുന്നവരും ധാരാളമാണ്.