
ചെന്നൈ: തമിഴില്‍ റിലീസായി വന്‍ ഹിറ്റായി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ ക്ലാസിക് തമിഴ് ചലച്ചിത്രം ‘സേതു’ 25 വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 1999-ൽ സംവിധായകൻ ബാലയുടെ ആദ്യ സംവിധാന സംരംഭമായി പുറത്തിറങ്ങിയ ഈ ആക്ഷൻ-റൊമാന്റിക് ചിത്രം നടൻ ചിയാൻ വിക്രമിന്റെ കരിയറിലെ നാഴികക്കല്ലായി മാറിയിരുന്നു.
റീമാസ്റ്റേർഡ് ഡിജിറ്റൽ പതിപ്പിൽ ഉടൻ തന്നെ ചിത്രം റീ-റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.‘സേതു’വിന്റെ തിരക്കഥയും വിക്രമിന്റെ അസാധാരണമായ അഭിനയവും ഇന്നും ചര്‍ച്ചയാകുന്ന കാര്യമാണ്. ഇളയരാജയുടെ സംഗീതവും ചിത്രത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തിരുന്നു.
വിക്രം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പ്രണയവും ദുരന്തനവും പറയുന്ന ആഴമേറിയ കഥയും ഇമോഷനുമാണ് ചിത്രത്തെ വലിയ ചര്‍ച്ചയാക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ആർ. രത്നവേലുവാണ്.
25-ാം വാർഷികത്തോടനുബന്ധിച്ച്, ‘സേതു’വിന്റെ റീ-റിലീസ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. “25 വർഷത്തിന് ശേഷം #സേതു തിയേറ്ററുകളിൽ തിരിച്ചെത്തുന്നു! ചിയാൻവിക്രം” എന്നാണ് ചിയന്‍ വിക്രം ഫാന്‍ പേജുകള്‍ എക്സില്‍ എഴുതിയത്.
നിലവിൽ, റീ-റിലീസിന്റെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തമിഴ്നാട്ടിലെ പ്രമുഖ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിവരം.