'ബ്രേക്കിംഗ് ബാഡ്' നായകന്‍റെ അടിവസ്ത്രം ലേലത്തില്‍ പോയി; ലഭിച്ചത് റെക്കോര്‍ഡ് തുക

Published : Mar 01, 2023, 11:35 AM IST
'ബ്രേക്കിംഗ് ബാഡ്' നായകന്‍റെ അടിവസ്ത്രം ലേലത്തില്‍ പോയി; ലഭിച്ചത് റെക്കോര്‍ഡ് തുക

Synopsis

കള്‍ട്ട് പദവിയുള്ള അമേരിക്കന്‍ ക്രൈം ഡ്രാമ സിരീസ് ആണ് ബ്രേക്കിംഗ് ബാഡ്

ടെലിവിഷന്‍ സിരീസുകളുടെ ചരിത്രത്തില്‍ ബ്രേക്കിംഗ് ബാഡ് പോലെ കള്‍ട്ട് പദവി ലഭിച്ച ഒന്ന് അപൂര്‍വ്വമായിരിക്കും. ബ്രേക്കിംഗ് ബാഡിനും അതിന്‍റെ പ്രീക്വല്‍ ആയി പുറത്തിറങ്ങിയ ബെറ്റര്‍ കാള്‍ സോളിനുമൊക്കെ ലോകത്തിന്‍റെ ഏത് കോണിലും ആരാധകരുണ്ട്. ബ്രേക്കിംഗ് ബാഡ് ആരാധകരെ സംബന്ധിച്ച് ഏറെ കൌതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത അടുത്തിടെ പുറത്തെത്തിയിരുന്നു. ബ്രേക്കിംഗ് ബാഡിലെ നായക കഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിന്‍റെ അടിവസ്ത്രം ലേലത്തിന് വച്ചിരിക്കുന്നു എന്നതായിരുന്നു അത്. ഇപ്പോഴിതാ അണിയറക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് ഈ അടിവസ്ത്രം ലേലത്തില്‍ പോയിരിക്കുകയാണ്.

ഹിറ്റ് സിനിമകളിലും സിരീസുകളിലും പ്രധാന കഥാപാത്രങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമൊക്കെ ലേലത്തിന് വെക്കുന്ന സ്ഥാപനമായ പ്രോപ്സ്റ്റോര്‍ ഓക്ഷന്‍ എന്ന സ്ഥാപനമാണ് ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രത്തിന്‍റെ അടിവസ്ത്രവും ലേലത്തിന് വച്ചത്. 2008 ജനുവരിയില്‍ അമേരിക്കന്‍ ചാനലായ എഎംസിയില്‍ വന്ന ബ്രേക്കിംഗ് ബാഡിന്‍റെ പൈലറ്റ് എപ്പിസോഡില്‍ വാള്‍ട്ടര്‍ വൈറ്റ് ധരിച്ചിരുന്ന അടിവസ്ത്രമാണ് ഇത്. എന്നാല്‍ ചിത്രീകരണ സമയത്ത് ഉപയോഗിച്ച അടിവസ്ത്രമല്ല ഇതെന്നും അതിന്‍റെ ഒരു മാതൃകയാണ് ലേലത്തില്‍ വച്ചിരിക്കുന്നതെന്നും പ്രോപ്സ്റ്റോര്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 13 ന് ആരംഭിച്ച ലേലം 27 ന് ആണ് അവസാനിച്ചത്. ഇത് 5000 ഡോളര്‍ വരെ നേടുമെന്നാണ് അധികൃതര്‍ കരുതിയിരുന്നതെങ്കില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രതികരണമാണ് ബ്രേക്കിംഗ് ബാഡ് ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അവസാനം വിറ്റുപോയത് ആറിരട്ടിയിലധികം ഉയര്‍ന്ന തുകയ്ക്കും.

32,500 ഡോളര്‍ (26.8 ലക്ഷം രൂപ) ആണ് വാള്‍ട്ടര്‍ വൈറ്റിന്‍റെ അടിവസ്ത്രം ലേലം ചെയ്തതിലൂടെ സ്ഥാപനം നേടിയിരിക്കുന്നത്. സാക്സ് അണ്ടര്‍വെയര്‍ എന്ന അടിവസ്ത്ര നിര്‍മ്മാണ കമ്പനിയാണ് ലേലത്തില്‍ വിജയിച്ചിരിക്കുന്നത്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു ഹൈസ്കൂള്‍ കെമിസ്ട്രി അധ്യാപകനാണ് വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രം. മൂന്നാം സ്റ്റേജിലുള്ള ശ്വാസകോശ കാന്‍സര്‍ കൂടി സ്ഥിരീകരിക്കപ്പെടുന്നതോടെ മരിക്കുംമുന്‍പ് തന്‍റെ കുടുംബത്തെ സുരക്ഷിതമാക്കാന്‍ അപകടകരമായ വഴിയിലൂടെ സഞ്ചരിക്കുകയാണ് ഈ കഥാപാത്രം. മെത്താംഫെറ്റമിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു അധോലോകശൃംഖലയുടെ ഭാഗമായി മാറുകയാണ് വാള്‍ട്ടര്‍. അതില്‍ നിന്ന് അയാള്‍ക്ക് തിരികെ കയറാനാവുന്നില്ല.

ALSO READ : ഡബിള്‍ റോളില്‍ ഞെട്ടിച്ച ജോജു; 'ഇരട്ട' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു