ചിത്രയുടെ മടിയിലിരിക്കുന്ന ഈ കൊച്ചു പാട്ടുകാരിയെ മനസ്സിലായോ ?

By Web TeamFirst Published May 15, 2021, 8:23 PM IST
Highlights

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് കുട്ടിത്താരം സീരിയലിലേക്കെത്തുന്നത്. പാട്ടുകാരിയെന്ന് പറയുമ്പോള്‍ ആരാണെന്ന് കരുതുന്നുണ്ടെങ്കില്‍ ചിത്രത്തിലുള്ള താരം ശരിക്കും പാട്ടുകാരി മാത്രമല്ല എന്ന് പറയേണ്ടിവരും.

പാട്ടുകാരിയെന്ന് പറയുമ്പോള്‍ ആരാണെന്ന് കരുതുന്നുണ്ടെങ്കില്‍ ചിത്രത്തിലുള്ള താരം ശരിക്കും പാട്ടുകാരി മാത്രമല്ല എന്ന് പറയേണ്ടിവരും. കാരണം ഈ പാട്ടുകാരിയെ മലയാളിക്ക് കൂടുതല്‍ പരിചയം മിനിസ്‌ക്രീനിലെ അനുമോളായാണ്. അനുമോളെന്ന് പറയുമ്പോഴേക്ക് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് വാനമ്പാടി പരമ്പര തന്നെയാകണം. വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന താരം. നിലവില്‍ അഭിനേത്രിയായാണ് മലയാളികള്‍ക്ക് ഗൗരിയെ അറിയുന്നതെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ മിടുക്കിയാണ്. വാനമ്പാടി പരമ്പരയിലേക്ക് ഗൗരി എത്തുന്നതും പാട്ടുകാരി എന്ന നിലയ്ക്കാണ്.

വാനമ്പാടിയില്‍ ഗൗരി കൈകാര്യം ചെയ്തിരുന്നതും പാട്ടുകാരിയെന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഗൗരി സീരിയലിലേക്കെത്തുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛന്‍, അമ്മ അമ്പിളിയും ഗായികയാണ്. ഏഴാം വയസ്സില്‍ നാടകത്തിലൂടെയാണ് ഗൗരി അഭിനയ ജീവിതവും പിന്നണി ഗായിക എന്ന നിലയിലേക്കുള്ള ചുവടുവെപ്പും നടത്തുന്നത്. വീല്‍ചെയറിലായ കുട്ടിയെയാണ് നാടകത്തില്‍ ഗൗരി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിനു വേണ്ടിയാണ് പിന്നണി ഗായികയായി താരം പാടിയതും. ആ ഗാനത്തിലൂടെയാണ് സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ഗൗരിയെ തേടിയെത്തിയത്.

തെക്കേ ഇന്ത്യയുടെ വാനമ്പാടിയായ ചിത്രയുടെ മടിയിലിരിക്കുന്ന തന്റെ പഴയകാലചിത്രം ഗൗരി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മൂന്നാം വയസ്സില്‍ ചിത്രാമ്മയോടൊപ്പം എടുത്ത ചിത്രം എന്നുപറഞ്ഞാണ് ഗൗരി ചിത്രം പങ്കുവച്ചത്. 'അനുമോള്‍ അന്നും ഇന്നും ഒരുപോലെതന്നെ സുന്ദരിയായിരിക്കുന്നല്ലോ' എന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!