
മലയാളികൾക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവാണ് ഗോകുലം ഗോപാലൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഇനിയും നിരവധി സിനിമകൾ വരാനിരിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ അദ്ദേഹം സിനിമയ്ക്ക് പുറമെ വ്യവസായത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.
സിനിമകളുടെ പ്രമോഷൻ പരിപാടികളിലായാലും അല്ലാതെയും എല്ലാവരോടും ഒരു ചെറു ചിരിയോടെ സംസാരിക്കുന്ന ഗോകുലം ഗോപാലന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പരിപാടിയിൽ ആസ്വദിച്ച് ഡാൻസ് ചെയ്യുന്ന ഗോകുലം ഗോപാലന്റെ വീഡിയോ ആണിത്. ഫൗണ്ടേഴ്സ് ഡേയോട് അനുബന്ധിച്ച് ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് വിവരം.
മോഹൻലാലും ശോഭനയും നിറഞ്ഞാടിയ തുടരും സിനിമയിലെ 'കൊണ്ടാട്ടം' ഗാനത്തിനാണ് ഗോകുലം ഗോപാലൻ നൃത്തം വച്ചിരിക്കുന്നത്. നിറഞ്ഞ വേദിയിൽ മറ്റുള്ളവർക്കൊപ്പം ചുവടുവയ്ക്കുന്ന ഗോപാലനെ വീഡിയോയിൽ കാണാം. അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ട് കാണികളായി നിരവധി പേരും ഉണ്ടായിരുന്നു. "ഏത് മൂഡ്. ഗോകുലം ഗോപാലൻ ചേട്ടൻ മൂഡ്", എന്ന് കുറിച്ചു കൊണ്ടാണ് ഭൂഭാഗം പേരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. "ഈ പ്രായത്തിലും വൈബായി നിൽക്കുന്ന ഗോപാലേട്ടനെ സമ്മതിക്കണം, എന്നാ ഒരു എനർജിയ, അമ്പമ്പോ..വയസാനാലും എന്നാ ഒരു പവർ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
അതേസമയം, സുമതി വളവ് ആണ് ഗോകുലം ഗോപാലന്‍റെ നിര്‍മാണത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇന്നാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസും സുമതി വളവിന്‍റെ നിര്‍മാണ പങ്കാളിയാണ്.