
അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ദീപിക പദുകോണിനെതിരെ സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് ശക്തിപ്പെടുന്നു. ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കി കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ആരാധകർ പങ്കുവെക്കുന്ന കമന്റുകൾ.
മസ്ജിദിൽ കയറിയത് കൊണ്ടാണ് അതിനോട് ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു. കൂടാതെ ഇത് അവരുടെ തൊഴിൽ മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ നോക്കികാണണമെന്നും വിമർശനങ്ങൾക്കെതിരായി ആരാധകർ കമന്റുകൾ പങ്കുവെക്കുന്നു.
അതേസമയം നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപികയെ പുറത്താക്കിയ വാർത്ത വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. വൈജയന്തി മൂവീസ് ആണ് ദീപികയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും പുറത്താക്കിയെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഷാരുഖ് ഖാൻ നായകനായെത്തുന്ന 'കിംഗ്' ആണ് താരത്തിന്റെ പുതിയ ചിത്രം. കിംഗിന് വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നും സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. പഠാന്‍ പോലെതന്നെ ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായ തരത്തിലും പ്രത്യേകതയുള്ളതാണ്. മകള്‍ സുഹാന ഖാന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പി കൂടിയാണ്. 2026 ഒക്ടോബറിലോ ഡിസംബറിലോ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വന്‍ താരനിരയും ചിത്രത്തില്‍ ഉണ്ടാവും. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങിയവരുടെയൊക്കെ പേരുകള്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്.