
പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ഭഭബ. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ റോളിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ആ ആവേശം വാനോളം ഉയർന്നു. പ്രതീക്ഷകൾക്ക് ആക്കം കൂടി. കാത്തിരുപ്പുകൾക്കെല്ലാം ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ദിവസം ബോക്സ് ഓഫീസിൽ കസറിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ മെച്ചപ്പെട്ട കളക്ഷൻ നേടാനും ഭഭബയ്ക്ക് ആയില്ല. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സീ 5ലൂടെയാണ് ഭഭബയുടെ സ്ട്രീമിംഗ്.
ഒടിടി റിലീസിന് പിന്നാലെ വിമർശനവും ട്രോളുകളും ആണ് ഭഭബയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെയും വരുന്നത് മോഹൻലാലിനെതിരെയാണ്. 'എന്തിനാ ലാലേട്ടാ ഇങ്ങനെ കോമാളിയായത്' എന്നാണ് ഇവർ ചോദിക്കുന്നത്. "ഇത്രേം പേരിട്ടിട്ട് അത് പോരാഞ്ഞിട്ട് പാട്ടിൽ Lighthouse, Powerhouse, etc Actually എന്തെങ്കിലും പേരിനി ഇടാൻ ബാക്കി ഉണ്ടോ. ഫാൻ ബോയ് ആണെന്ന് കാണിക്കാൻ വേണ്ടി മുണ്ട് മടക്കിക്കൽ, മീശ പിരിപ്പിക്കൽ, ചാടി മുണ്ട് ഉടുക്കൽ, മുണ്ട് ഊരി അടിക്കൽ തുടങ്ങി എണ്ണമറ്റ കലാപരിപാടികൾ വേറെ. എത്ര സ്പൂഫ് ആണെന്ന് പറഞ്ഞാലും, അധികമായാൽ അമൃതും വിഷം", എന്നാണ് ഒരാളുടെ പോസ്റ്റ്. ‘ക്ലൈമാക്സ് എല്ലാം എന്തൊരു ദുരന്തം ആണ്. ശരിക്കും വിഷമം ആണ് വന്നത് ഇങ്ങേരെ(മോഹന്‍ലാല്‍) ഇങ്ങനെ ആക്കുന്നത് കണ്ടപ്പോൾ’, എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
"പടം എന്തായാലും ഭയങ്കര സംഭവം ആക്കാൻ നോക്കി. പക്ഷേ കയ്യിൽ നിന്ന് പോയ്, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. ഡേറ്റ് കിട്ടിട്ടും മമ്മൂക്ക, ലാലേട്ടനെ ഉപയോഗിക്കാൻ അറിയാത്ത കുറെ ഡയറക്ടേഴ്സ്, മണ്ണ് മുകളിലോട്ട് പോകുന്ന ഒരു സീൻ. അത് ആരുടെ ബുദ്ധി ആയിരുന്നോ എന്തോ, ഇതിലും ഭേദം ബാലയ്യയുടെ അഖണ്ഡ ആയിരുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ബാലു വര്‍ഗീസിന്‍റെ ഭാഗത്തുള്ള ആക്ഷന്‍ സ്വീക്വന്‍സിനെ പ്രശംസിക്കുന്നവരും ധാരാളമാണ്.
ഡിസംബർ 18ന് ആയിരുന്നു ഭഭബയുടെ തിയറ്റർ റിലീസ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആയിരുന്നു സംവിധാനം. ആഗോള തലത്തിൽ ചിത്രം 45.85 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.