
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ഒട്ടനവധി സിനിമകളിൽ തിളങ്ങിയ താരമാണ് അജു വർഗീസ്. ആദ്യകാലത്ത് കോമഡി വേഷങ്ങളായിരുന്നു അജു ഏറെയും ചെയ്തിരുന്നത്. പിന്നീട് തനിക്ക് ക്യാരക്ടർ റോളുകളും വശമാകുമെന്ന് തെളിയിച്ച അജുവിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന പോസ്റ്റാണ് അജു വർഗീസ് പങ്കുവച്ചിരിക്കുന്നത്.
'പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ ഇവരാണ് എന്റെ ഹീറോസ്', എന്നായിരുന്നു പോസ്റ്റിന് അജു വർഗീസ് നൽകിയ ക്യാപ്ഷൻ. പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉണ്ണി മുകുന്ദനും കമന്റുമായി എത്തി. മുൻപ് കേരളത്തിലെ ആൺപിള്ളേർക്ക് സിക്സ് പാക്കെന്തിനെന്ന് അജു പറഞ്ഞതുമായി ബന്ധപ്പെടുത്തിയായിരുന്നു ഉണ്ണിയുടെ കമന്റ്.
'അങ്ങനെ അല്ലല്ലോ അളിയൻ പോസ്റ്റിട്ടത്. എന്തിനാ സിക്സ് പാക്ക് എന്നൊക്കെ ആയിരുന്നല്ലോ', എന്നായിരുന്നു ആ കമന്റ്. ഇതിന് മറുപടിയുമായി മിഥുൻ മാനുവൽ തോമസും രംഗത്ത് എത്തി. 'എന്നാ ഒരു സത്യം പറയട്ടെ. അജൂന് അത് ഓർമയില്ല', എന്നായിരുന്നു മിഥുന്റെ ട്രോൾ മറുപടി. പിന്നാലെ ഉണ്ണി മുകുന്ദന് അജുവിന്റെ മറുപടി എത്തി. 'അയ്യേ അതങ്ങനല്ല അളിയ, കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ 6 പാക്ക് 'മാത്രം' എന്നാ ഞാൻ ഉദ്ദേശിച്ചേ', എന്നായിരുന്നു അജു വർഗീസിന്റെ മറുപടി. ഈ കമന്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, സർവ്വം മായ എന്ന ചിത്രമാണ് അജു വർഗീസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നിവിൻ പോളി നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 125 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. പത്ത് വർഷത്തിന് ശേഷം അജുവും നിവിൻ പോളിയും ഒന്നിച്ച ചിത്രം കൂടിയാണ് സർവ്വം മായ. അഖിൽ സത്യൻ ആണ് സംവിധാനം.