ഇതാണ് 'ലഫ്റ്റനന്‍റ് റാം'; തെലുങ്ക് ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ദുല്‍ഖര്‍

By Web TeamFirst Published Apr 21, 2021, 3:19 PM IST
Highlights

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. 1964 ആണ് കഥയുടെ കാലം. 

റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'സല്യൂട്ട്' പൂര്‍ത്തിയാക്കിയതിനു ശേഷം കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് ഇത്. എന്നാല്‍ ദുല്‍ഖറിന്‍റെ കഥാപാത്രത്തിന്‍റെ പേര് ചിത്രത്തിന്‍റെ പ്രഖ്യാപന വേളയില്‍ത്തന്നെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 'ലഫ്റ്റനന്‍റ് റാം' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ രാമ നവമി ദിനത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'റാം' എന്ന കഥാപാത്രത്തിന്‍റെ ഒരു ലഘു ഇന്‍ട്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കഥാപാത്രം അണിഞ്ഞിരിക്കുന്ന പട്ടാള യൂണിഫോമില്‍ 'മദ്രാസ്' എന്ന ബാഡ്‍ജിംഗും റാം എന്ന പേരുമുണ്ട്.

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. 1964 ആണ് കഥയുടെ കാലം. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. തെലുങ്കിനു പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കശ്‍മാര്‍ ആണ് പ്രധാന ലൊക്കേഷന്‍. 'സല്യൂട്ട്' പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ ഈ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു.

click me!