'പബ്ലിസിറ്റിക്കു വേണ്ടിയുള്ള പോസ്റ്റായി ആരും കാണരുത്'; അനുഭവം പങ്കുവച്ച് സൂരജ്

By Web TeamFirst Published Nov 28, 2021, 2:11 PM IST
Highlights

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറന്നുപോകാത്ത നടനാണ് സൂരജ് സൺ

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറന്നുപോകാത്ത നടനാണ് സൂരജ് സൺ (Actor sooraj sun). 'പാടാത്ത പൈങ്കിളി' (Padatha painkily) എന്ന പരമ്പരയിലൂടെ  പ്രേക്ഷകപ്രീതി നേടിയ താരമാണ് സൂരജ്. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധക വൃന്ദത്തിന്‍റെ പിന്തുണ താരത്തിന് ഇപ്പോഴുമുണ്ട്. ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്. 

നിരന്തരം വിശേഷങ്ങൾ പങ്കുവച്ചിരുന്ന സൂരജിന്‍റെ കുറിപ്പുകളെല്ലാം സാധാരണക്കാരെക്കുറിച്ചും അവരുടെ ജീവിതങ്ങളെ കുറിച്ചുമാകും. താനും താഴേത്തട്ടിൽ ജീവിക്കുന്ന ഒരാളാണെന്ന് സൂരജ് എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ ശബരിമല യാത്രയ്ക്കിടെ ഭിക്ഷക്കാരോടൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ചിലത് കുറിക്കുകയാണ് സൂരജ്. എന്താണ് അവരുടെ മാനസികാവസ്ഥയെന്ന് നമ്മൾ ചിന്തിക്കണമെന്ന് സൂരജ് പറയുന്നു. 

സൂരജിന്‍റെ കുറിപ്പ്

ശ്രദ്ധിക്കുക ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള ഒരു പോസ്റ്റ് ആയിട്ട് ആരും കാണരുത്.  പണംകൊണ്ടും പദവികൊണ്ടും സൗന്ദര്യംകൊണ്ടും നമുക്ക് മുകളിൽ നിൽക്കുന്നവരെ കുറിച്ച് ആവശ്യത്തിൽ അധികം ചിന്തിച്ചുകൂട്ടുന്ന നമ്മൾ നമുക്ക് താഴെയുള്ളവരെ കുറിച്ച് ( ഇതുപോലുള്ള ഭിക്ഷക്കാരെ കുറിച്ച് ) എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിസ്സഹായരും നിരാലംബരുമായ അവരെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്നവരാണ് നമ്മളിൽ അധികവും. എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനനശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്‍റെ 'സ്റ്റാറ്റസ്' തീരുമാനിക്കും. നമ്മൾ അവരിൽ ഒരാളാവാൻ ശ്രമിച്ചാലും അത് നടക്കില്ല. സാധാരണക്കാരായ അത്യാവശ്യം കഴിക്കാനും ഉടുക്കാനും ഉള്ള നമുക്ക്, അവരുടെ അവസ്ഥ അവിടെ ഇരിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ... അവരിൽ ഒരാളകുമ്പോൾ മാത്രം. നമ്മളെ ഒക്കെ ദൈവം ഇത്ര ഉയരത്തിൽ ആണ് നിർത്തിയിരിക്കുന്നത് എന്ന് മനസ്സിലാവൂ...

ധർമ്മം വാങ്ങാൻ അമ്പലങ്ങളുടെയും പള്ളികളുടെയും മുന്നിൽ ഇന്നും ഒരുപാട് ആൾക്കാർ ഉണ്ട്. ആർക്കും വേണ്ടാതെ നടതള്ളുന്ന ആൾക്കാർ ഉണ്ട്. പല മതങ്ങളിലും അന്നദാനം നടത്തുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി പൂജാകർമ്മങ്ങൾ ചെയ്യുന്നതിലും പുണ്യം വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോഴാണ്. മനസ്സില്ലാ മനസ്സോടെ, വെറുപ്പോടെ ചില്ലറ പൈസയും അധികം മൂല്യമില്ലാത്ത നോട്ടുകളും അവർക്കു നേരെ വലിച്ചെറിയുമ്പോൾ ഓർക്കുക നാളെ ഈ അവസ്ഥ നമുക്കും സംഭവിക്കാം. പണ്ട് പറയുന്ന പോലെ ഭിക്ഷയാചിച്ച് പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കണം എന്ന് പറയുന്നത് എന്തിനാണ് എന്ന് അവിടെ ഇരിക്കുമ്പോൾ നമുക്ക് മനസിലാകും. ശബരിമലയിൽ പോകാൻ മാല ഇട്ട ഞാൻ ആ പറയുന്നതിൽ എന്താണ് അർത്ഥമെന്ന് അലോചിട്ടുണ്ട്.  ഇന്ന് ശബരിമലയ്ക്ക് പോകുന്ന വഴി ഒരു അമ്പലം സന്ദർശിച്ചപ്പോൾ ആ പറഞ്ഞതിന്‍റെ അർത്ഥം മനസ്സിലാക്കാം എന്ന് കരുതി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നേ എല്ലാവർക്കും കരുതാൻ പറ്റൂ.  

എന്‍റെ മുന്നിൽ ഇഇതേപോലെയുള്ള ഒരു ചിത്രം വന്നാലും ഞാനും അതേപോലെ ചിന്തിക്കും.  "മാളിക മുകളേറിയ മന്നന്‍റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ, രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ". നൈമിഷികമായ മനുഷ്യാവസ്ഥകളെ കുറിച്ചുള്ള പൂന്താനത്തിന്‍റെ 'ജ്ഞാനപ്പന'യിലെ ഈ വരികൾ എന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടാകട്ടെ!

click me!