'സൂര്യവംശത്താല്‍ പീഡിപ്പിക്കപ്പെടുന്നയാള്‍'; 99 ലെ ബച്ചന്‍ പടം സംബന്ധിച്ച് കത്ത് വൈറല്‍; കാരണം ഇത്.!

By Web TeamFirst Published Jan 19, 2023, 8:33 PM IST
Highlights

എല്ലാ ആഴ്ചയും സൂര്യവംശം സിനിമ കാണിക്കുന്ന ചാനലിന് ഒരു പ്രേക്ഷകന്‍ എഴുതിയ കത്താണ് ബുധനാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

ദില്ലി: 1999 ല്‍ ഇറങ്ങിയ ഒരു അമിതാഭ് ബച്ചന്‍ ചിത്രം സൂര്യവംശം അത്യാവശ്യം വിജയം നേടിയ ചിത്രമാണ്. ഇതേ പേരില്‍ തമിഴില്‍ ഇറങ്ങിയ ശരത് കുമാര്‍ ചിത്രത്തിന്‍റെ റീമേക്കാണ് ഈ ചിത്രം. ഇപ്പോള്‍ ഈ ചിത്രം വീണ്ടും സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇതിന് കാരണമായത് ഓണ്‍ലൈനില്‍ വൈറലായ ഒരു കത്തും. 

എല്ലാ ആഴ്ചയും സൂര്യവംശം സിനിമ കാണിക്കുന്ന ചാനലിന് ഒരു പ്രേക്ഷകന്‍ എഴുതിയ കത്താണ് ബുധനാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  കടുത്ത അമിതാഭ് ബച്ചൻ ആരാധകർക്ക് ചിലപ്പോള്‍ ഈ കത്ത് രസിക്കാന്‍ സാധ്യതയില്ല. എന്നാല്‍  ഹിന്ദിയിൽ എഴുതിയ കത്തിലെ പ്രതികരണം രൂക്ഷമാണ്.

കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ് - "നിങ്ങളുടെ ചാനല്‍ കാരണം  ഹീര താക്കൂറിനെയും ( അമിതാഭിന്‍റെ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര്) അദ്ദേഹത്തിന്‍റെ കുടുംബത്തെയും എന്‍റെ ബന്ധുക്കളെപ്പോലെ എനിക്ക് പരിചയമാണ്. ചിത്രത്തിലെ എല്ലാ ഡയലോഗും മനപാഠമാണ്. എത്ര തവണയാണ് നിങ്ങളുടെ ചാനല്‍ ഈ ചിത്രം കാണിക്കുന്നത്? ഇനിയും എത്ര തവണ ഇത് കാണിക്കാനാണ് നിങ്ങളുടെ ഉദ്ദേശം? എന്‍റെ മനസമാധാനത്തെയോ മറ്റോ ഈ തുടര്‍ച്ചയായ ഒരേ ചിത്രം കാണിക്കുന്നത് ബാധിച്ചാല്‍ ആര് ഉത്തരവാദിത്വം പറയും.? എന്‍റെ ഈ പരാതി പ്രധാന്യത്തോടെ പരിഗണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു"

ആരാണ് ഈ വൈറലായ ഈ കത്ത് എഴുതിയത് എന്ന് വ്യക്തമല്ല. എന്നാല്‍ കത്തിന്‍റെ അവസാനം 'സൂര്യവംശത്താല്‍ പീഡിപ്പിക്കപ്പെടുന്നയാള്‍' എന്നാണ് എഴുതിയിരിക്കുന്നത്. ഈ കത്ത് സൂര്യവംശം സംപ്രേക്ഷണം ചെയ്യുന്ന ചാനലിന്‍റെ ദില്ലി ഓഫീസില്‍ അയച്ചെന്നും. ഇതിന് മറുപടി വിവരാവകാശ നിയമപ്രകാരം നല്‍കണം എന്ന് അറിയിച്ചതായും പറയുന്നുണ്ട്. 

ഈ കത്ത് വൈറലയതിന് പിന്നാലെ നിരവധിപ്പേരാണ് സമാനമായ വിഷയവുമായി ട്വിറ്ററിലും മറ്റും എത്തിയിരിക്കുന്നത്. പ്രസ്തുത ചാനലില്‍ സൂര്യവംശം സിനിമ കണ്ടപോലെ ലോകത്ത് ഒരു സംഭവവും ആവര്‍ത്തിച്ച് വരുന്നത് കണ്ടിട്ടില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. 

പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

'പഠാന്' വെല്ലുവിളിയാകുമോ ? 'ദ കശ്മീർ ഫയൽസ്' വീണ്ടും തിയറ്ററുകളിലേക്ക്

click me!