'ബാലകൃഷ്‍ണ ഗാരു എന്‍റെ കൈ തട്ടിമാറ്റിയതിന് കാരണമുണ്ട്'; വിശദീകരണവുമായി യുവനടന്‍

By Web TeamFirst Published Nov 20, 2020, 8:35 PM IST
Highlights

തന്നെ 'അങ്കിള്‍' എന്ന് സംബോധന ചെയ്‍ത യുവനടനെ 'ബാലയ്യ' രൂക്ഷമായി നോക്കുന്നതും പിന്നാലെ റിംഗ് ചെയ്ത തന്‍റെ മൊബൈല്‍ ഫോണ്‍ അസിസ്റ്റന്‍റിനു നേര്‍ക്ക് വലിച്ചെറിയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മറ്റൊരു വീഡിയോയില്‍ താന്‍ ലോഞ്ച് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിലേക്ക് പിടിച്ച നായകന്‍ ഹര്‍ഷ് കനുമിള്ളിയുടെ കൈ തട്ടിമാറ്റുന്ന ബാലകൃഷ്ണയെയും കാണാം

ഒരു യുവതാര ചിത്രത്തിന്‍റെ പ്രൊമോഷണല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്‍ണയുടെ പെരുമാറ്റം വലിയ വാര്‍ത്തയായിരുന്നു. തന്നെ 'അങ്കിള്‍' എന്ന് സംബോധന ചെയ്‍ത യുവനടനെ 'ബാലയ്യ' രൂക്ഷമായി നോക്കുന്നതും പിന്നാലെ റിംഗ് ചെയ്ത തന്‍റെ മൊബൈല്‍ ഫോണ്‍ അസിസ്റ്റന്‍റിനു നേര്‍ക്ക് വലിച്ചെറിയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മറ്റൊരു വീഡിയോയില്‍ താന്‍ ലോഞ്ച് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിലേക്ക് പിടിച്ച നായകന്‍ ഹര്‍ഷ് കനുമിള്ളിയുടെ കൈ തട്ടിമാറ്റുന്ന ബാലകൃഷ്ണയെയും കാണാം. എന്നാല്‍ സംഭവം വിവാദവും ട്രോളും ആയതിനു പിന്നാലെ നടന്നതിനു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഷ്.

തെറ്റായ ഉദ്ദേശത്തോടെയല്ല ബാലകൃഷ്ണ, പോസ്റ്ററില്‍ നിന്ന് തന്‍റെ കൈ തട്ടി മാറ്റിയതെന്ന് ഹര്‍ഷ് കനുമിള്ളി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. "എന്‍റെ ഇടതു കൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്‍റെ അരങ്ങേറ്റ ചിത്രമാണ് സേഹരി. അതിന്‍റെ പോസ്റ്റര്‍ ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് ബാലകൃഷ്ണ ഗാരു എന്‍റെ കൈ തട്ടി മാറ്റിയത്. ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. ഈ ചടങ്ങിന് ക്ഷണിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വരാമെന്നേറ്റു. അതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്", ഹര്‍ഷ് പറയുന്നു.

സിനിമയ്ക്ക് പുറത്ത് പ്രസ്താവനകളിലൂടെയും മറ്റും നിരന്തരം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന താരമാണ് നന്ദമുരി ബാലകൃഷ്ണ. എട്ട് മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഗ്ലൗസും മറ്റും ധരിച്ചാണ് അദ്ദേഹം ചടങ്ങിന് എത്തിയത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന ബാലകൃഷ്ണയുടെ പ്രസ്താവനയും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. "കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കാനും പോകുന്നില്ല. കൊവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് ചിലര്‍ തെറ്റായ ഉപദേശം നല്‍കുന്നു. എന്നാല്‍ ഈ സമയത്ത് രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കുക. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക", ബാലകൃഷ്ണ പറഞ്ഞിരുന്നു. 

click me!