'നയന്‍താര സൂപ്പര്‍സ്റ്റാറായി, പേരിട്ട ഞാന്‍ വീട്ടിലിരിക്കുന്നു', സംവിധായകന്‍റെ കുറിപ്പ്

By Web TeamFirst Published Jan 24, 2020, 11:29 AM IST
Highlights

ഡയാന എന്ന പെണ്‍കുട്ടി നയന്‍താര എന്ന കോടികളുടെ താരമൂല്യമുള്ള നടിയായി മാറിയപ്പോഴും ആരും അറിയാതെ പോയ കഥയാണ് ഇപ്പോള്‍ സംവിധായകന്‍...

തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരപദവിയിലാണ് മലയാളികൂടിയായ നയന്‍താരയിപ്പോള്‍. സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെയെന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലെത്തുന്നത്. ഡയാന എന്ന പെണ്‍കുട്ടി നയന്‍താര എന്ന കോടികളുടെ താരമൂല്യ നടിയായി മാറിയപ്പോഴും ആരും അറിയാതെ പോയ ഒരു കഥയാണ് ഇപ്പോള്‍ സംവിധായകന്‍ ജോണ്‍ ഡിറ്റോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഡയാന, നയന്‍താരയായ കഥ! സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെയിലെ പുതുമുഖ നായിക ഡയാനയ്ക്ക് നയന്‍താരയെന്ന പേരിട്ടത് താനാണെന്നാണ് അദ്ദേഹം പറയുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
"ഡിറ്റോ ഒരു പേര് ആലോചിക്ക് "സർ നിർദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയൻതാര....
ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി...
സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ ...
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്..
"പുതിയ നിയമം" എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല.
എങ്കിൽ ഈക്കഥ പറയാമായിരുന്നു.


 

click me!