
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് നടൻ കൃഷ്ണ കുമാറിന്റെ ഇളയ മകൾ ഹൻസിക. യുട്യൂബ് ചാനലും ഇൻസ്റ്റാഗ്രാമിലും സജീവമായി നിൽക്കുന്ന ഹൻസികയുടെ ഒരു വീഡിയോ ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവരികയും വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിൽ പങ്കുവച്ചൊരു വീഡിയോ ആയിരുന്നു ഇത്. ഇപ്പോഴിതാ വിഷയത്തിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഹൻസിക. കഴിഞ്ഞ ഒരു മാസമായി വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു താനെന്നും തെറ്റ് ന്യായീകരിക്കുന്നില്ലെന്നും ഹൻസിക പറഞ്ഞു.
ഹൻസിക കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ
മൂന്ന് ആഴ്ചകൾക്ക് മുൻപ് എന്റെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിൽ പങ്കുവച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നടന്നിരുന്നു. എന്റെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയും മണ്ടത്തരമായ തീരുമാനവുമായിരുന്നു അത്. അതിൽ ആത്മാർത്ഥമായി ഞാൻ ഖേദം പ്രകടിപ്പിക്കുകയാണ്. അതിനെ ന്യായീകരിക്കാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ഒരു മാസമായി അതി കഠിനമായ വേദനയും സങ്കടവും കുറ്റബോധവും പേറിയാണ് ഞാൻ കഴിയുന്നത്.
എന്തിന് വേണ്ടിയായിരുന്നു ഞാനത് പോസ്റ്റ് ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല. അത് വലിയൊരു തെറ്റായിരുന്നു. പോസ്റ്റ് ചെയ്തപ്പോൾ തന്നെ അതൊരു തെറ്റായ തീരുമാനമാണെന്ന് എനിക്ക് മനസിലായി. അഞ്ച് മിനിറ്റിനുള്ളിൽ ഞാനത് ഡിലീറ്റും ചെയ്തു. പക്ഷേ അതിനുള്ളിൽ തന്നെ എന്റെ സബ്സ്ക്രൈബേഴ്സിൽ ചിലരത് സ്ക്രീൻ റെക്കോർഡ് ചെയ്തു. അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
പലരും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഞാനത് ചെയ്തതെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. അങ്ങനെ തോന്നിയതിൽ തെറ്റില്ല. പക്ഷേ, അങ്ങനെ ഒരു തോന്നൽ ഒരിക്കലും എനിക്ക് ഉണ്ടായിരുന്നില്ല. ഈ 20-ാം വയസിൽ സ്വന്തം കാര്യങ്ങൾക്ക് വേണ്ടിയുള്ള വരുമാനം ഞാൻ നേടുന്നുണ്ട്. വർഷങ്ങളായി എനിക്കും എന്റെ കുടുംബത്തിനും ലഭിക്കുന്ന സ്നേഹവും പിന്തുണയും കാരണം പ്രശസ്തിയെ കൊതിക്കുന്നതോ ഞങ്ങൾക്ക് ഇല്ലാത്തതോ അല്ല. അതൊരു അബന്ധമായിരുന്നു. മനസിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന വലിയൊരു തെറ്റ്. അത് കാരണം വേദന അനുഭവിച്ചത് ഞാനും എന്റെ കുടുംബവുമാണ്. ഓൺലൈനിൽ ഞാൻ നേരിട്ട അധിക്ഷേപങ്ങളും വേട്ടയാടലുകളും ക്രൂരവും വെറുപ്പുളവാക്കുന്നതും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ എന്റെ തെറ്റുകൾ വിമർശിക്കപ്പെടുമെന്നും ചർച്ചകൾക്ക് വഴിവയ്ക്കുമെന്നും എനിക്കറിയാം. അത് ഞാൻ പൂർണമായും ഉൾക്കൊള്ളുകയും ചെയ്യുന്നു. പക്ഷേ ചില പ്രതികരണങ്ങൾ അവയ്ക്കും അപ്പുറമായിരുന്നു. അവരൊക്കെ ഇതിനെ ഒരു പ്രൊജക്ട് പോയെ കണ്ടു. അവരുടെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്നെ കുറിച്ച് നിരന്തരം വീഡിയോകൾ ചെയ്തു. അവർക്കത് മികച്ചൊരു കണ്ടെന്റ്. പക്ഷേ അവയിലെ ഓരോ ഭാഷയും എന്റെ കുടുംബത്തെയും എന്നെയും ഒരുപോലെ മുറിപ്പെടുത്തി. മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.
എന്റെ തെറ്റുകൾ ഒരു ഭാഗത്ത് ഇരിക്കട്ടെ, ഒരു തരത്തിലും തങ്ങളെ ബാധിക്കാത്തൊരു കാര്യത്തിൽ, മറ്റൊരാളോട് ഇത്രയും വെറുപ്പ് കാണിക്കാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നു. അതെന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ഞാനിവിടെ സഹതാപം നേടാനോ ചെയ്ത തെറ്റിൽ നിന്നും ഒളിച്ചോടാനോ ഞാൻ ശ്രമിക്കുന്നില്ല. കഴിഞ്ഞ ഒരുമാസമായി എന്റെ ഉള്ളിലുള്ളത് തുറന്ന് പറയണമെന്ന് തോന്നി, അത്രമാത്രം. 299 രൂപയായിരുന്ന എന്റെ സബ്സ്ക്രിപ്ഷൻ തുക 399 രൂപ ആക്കിയതിനെതിരെ പലരും ചോദ്യം ഉയർത്തിയിരുന്നു. കാര്യങ്ങൾ കൈവിട്ടപ്പോൾ ഫീച്ചർ കളയാനാണ് എനിക്ക് തോന്നിയത്. പക്ഷേ അത് കൂടുതൽ വഷളാകുമെന്ന് തോന്നി. അതുകൊണ്ട് തുക കൂട്ടി. സബ് എടുക്കുന്നവർ കുറയുമെന്നാണ് ഞാൻ കരുതിയത്. എന്നെ വിശ്വസിക്കണമെന്ന് ആരോടും പറയുന്നില്ല. പക്ഷേ എന്റെ ഭാഗത്തെ സത്യം പറഞ്ഞതാണ്.
ഇതിന് ശേഷം ഉണ്ടായ സബ്സ്ക്രിപ്ഷൻ വർദ്ധനവിലൂടെ ലഭിച്ച തുക മുഴുവനും സാമൂഹിക സേവനത്തിനായി സംഭാവ ചെയ്തുവെന്ന് കൂടി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അതിൽ നിന്നും ഒരു രൂപ പോലും ഞാൻ എടുത്തിട്ടില്ല. ഞാൻ കാരണം വിഷമവും നിരാശയും തോന്നിയവരോട് മനസിനുള്ളിൽ നിന്നും ക്ഷമ ചോദിക്കുകയാണ്. ഒരു നിമിഷത്തെ വിവേകശൂന്യതയാണ് അതെന്ന് നിങ്ങൾ വിശ്വസിക്കുമെന്ന് ഞാൻ കരുതുകയാണ്. ഇതെന്നെ വേദനിപ്പിച്ചെങ്കിലും വലിയൊരു പാഠം പഠിപ്പിച്ചു. വിവേകമുള്ള, നല്ലൊരു മനുഷ്യനാകാൻ അതെന്നെ സഹായിക്കും. ഞാനിന്നും പഴയ ആൾ തന്നെയാണ്. കാലങ്ങൾ പോകുമ്പോൾ നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു. ഈ വിഷമഘട്ടത്തിൽ എനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.