കുചേലനായി പകർ‌ന്നാടി ജയറാം; പുത്തന്‍ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

By Web TeamFirst Published Jan 8, 2020, 12:01 AM IST
Highlights

ദാരിദ്ര്യത്തിന്റെ അവില്‍പ്പൊതിയുമായി കൃഷ്ണനെ കാണാനെത്തിയ കുചേലന്റെ കഥപറയുന്ന ചിത്രമാണ് നമോ. 101 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മുഴുനീളെ സംസ്‌കൃത ഭാഷയിലാണ് ഒരുക്കുന്നത്. 

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഏക്കാലത്തെയും ഇഷ്ടതാരമാണ് ജയറാം. ഏതുതരം വേഷവും അതിമനോഹരമായി അവതരിപ്പിക്കുന്ന തരത്തിൽ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. തല മൊട്ടയടിച്ച് ശരീരഭാ​ഗം കുറച്ച് കുചേലന്റെ വേഷപ്പകര്‍ച്ചയിലുള്ള ജയാറാമിന്റെ ചിത്രത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന 'നമോ' എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ അതിശയപ്പെടുത്തുന്ന മേക്കോവർ.

ദാരിദ്ര്യത്തിന്റെ അവില്‍പ്പൊതിയുമായി കൃഷ്ണനെ കാണാനെത്തിയ കുചേലന്റെ കഥപറയുന്ന ചിത്രമാണ് നമോ. 101 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മുഴുനീളെ സംസ്‌കൃത ഭാഷയിലാണ് ഒരുക്കുന്നത്. വെറും 51 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ 'വിശ്വഗുരു', ഇരുള ഗോത്രഭാഷയിലുള്ള 'നേതാജി' എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ്. 

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിനായി വൻ തയ്യാറെടുപ്പുകളാണ് താരം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് മുൻപ് രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലായിരുന്നു മൊട്ടയടിച്ച ഗെറ്റപ്പിൽ ജയറാം എത്തിയിരുന്നത്. 

നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ബി ലെനിൻ ആണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. തമിഴ്‌നാട് സ്വദേശി എസ് ലോകനാഥനാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. അനൂപ് ജെലോട്ടയാണ് സംഗീതസംവിധാനം. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരും ജയറാമിനൊപ്പം വേഷമിടുന്നുണ്ട്.

അല്ലു അർജുൻ നായകനാകുന്ന അലോ വൈകുണ്ഠപുരമുലോ എന്ന തെലുങ്കു ചിത്രമാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിനായി താരം വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങൾ വരുത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.  
 

click me!