'മുന്‍വിധി തെറ്റി എന്നറിയുമ്പോഴുള്ള ജാള്യത'; അനൂപ് മേനോനെ അഭിനന്ദിച്ച് ജീത്തു ജോസഫ്

By Web TeamFirst Published Aug 25, 2020, 11:58 PM IST
Highlights

2018 ജൂലൈയില്‍ തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു എന്‍റെ മെഴുതിരി അത്താഴങ്ങള്‍

റിലീസിംഗ് സമയത്ത് മുന്‍വിധി കൊണ്ട് താന്‍ കാണാതിരുന്ന ഒരു ചിത്രം രണ്ട് വര്‍ഷത്തിനുശേഷം കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അനൂപ് മേനോന്‍റെ തിരക്കഥയില്‍ നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്ത 'എന്‍റെ മെഴുതിരി അത്താഴങ്ങള്‍' എന്ന ചിത്രം കണ്ട അനുഭവമാണ് സോഷ്യല്‍ മീഡിയയിലൂടെ ജീത്തു പങ്കുവച്ചിരിക്കുന്നത്. അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ള അണിയറക്കാരെ അഭിനന്ദിച്ചിരിക്കുന്ന ജീത്തു തന്‍റെ മുന്‍വിധികൊണ്ട് ചിത്രം കാണാതിരുന്നതിന് ക്ഷമ ചോദിച്ചിട്ടുമുണ്ട്.

ജീത്തു ജോസഫ് പറയുന്നു

നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻവിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോഴുള്ള ജാള്യത. അങ്ങനെ ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ 'എന്‍റെ മെഴുതിരി അത്താഴങ്ങൾ'. ഒരു മനോഹരമായ പ്രണയചിത്രം. മനോഹരമായ തിരക്കഥയ്ക്ക് അനൂപ് മേനോന് അഭിനന്ദനങ്ങള്‍. വിശേഷിച്ചും അദ്ദേഹം എഴുതിയിരിക്കുന്ന സംഭാഷണങ്ങള്‍. സംവിധായകന്‍ സൂരജിന്‍റെ മനോഹരമായ അവതരണം. ഞാന്‍ ഈ ചിത്രത്തിന്‍റെ ഓരോ ഭാഗവും ആസ്വദിച്ചു. വളരെ സ്വാഭാവികതയുള്ള ചിത്രം. ഒരു വലിയ സല്യൂട്ടിനൊപ്പം മുഴുവന്‍ അണിയറക്കാരോടും ക്ഷമയും ചോദിക്കുന്നു (കാണാന്‍ രണ്ട് വര്‍ഷം വൈകിയതിന്)

2018 ജൂലൈയില്‍ തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു എന്‍റെ മെഴുതിരി അത്താഴങ്ങള്‍. അനൂപ് മേനോനും മിയയ്ക്കുമൊപ്പം അനില്‍ മുരളി, ഹന്ന റെജി കോശി, നിര്‍മ്മല്‍ പാലാഴി, നിസ എന്‍ പി, ശ്രീകാന്ത് മുരളി, നന്ദന്‍ ഉണ്ണി, മഞ്ജു സുനിച്ചന്‍, ബൈജു, ടിനി ടോം, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു ചിത്രത്തില്‍. 

click me!