'പല്‍വാല്‍ ദേവനു'മൊത്ത് ഒരു സെല്‍ഫിയെടുക്കാന്‍ പെട്ട പാട്; ജിഷിന്‍ പറയുന്നു

By Web TeamFirst Published Jan 26, 2021, 11:24 PM IST
Highlights

ഒരു അവാര്‍ഡ് നിശയില്‍ സെല്‍ഫിയെടുക്കാന്‍ പോയ അനുഭവമാണ് ആരാധകര്‍ക്കായി ജിഷിന്‍ പങ്കുവച്ചിരിക്കുന്നത്. ബാഹുബലി സിനിമയിലെ 'പല്‍വാല്‍ദേവനാ'യെത്തിയ റാണ ദഗ്ഗുബാട്ടിയുമൊക്ക് എടുത്ത ചിത്രത്തോടൊപ്പമാണ് ജിഷിന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. സ്വതസിദ്ധമായ നര്‍മ്മം കലര്‍ന്നതാവും ജിഷിന്‍റെ മിക്ക പോസ്റ്റുകളും. ജിഷിന്‍റെ പുതിയ കുറിപ്പും അങ്ങനെതന്നെ.

ഒരു അവാര്‍ഡ് നിശയില്‍ സെല്‍ഫിയെടുക്കാന്‍ പോയ അനുഭവമാണ് ആരാധകര്‍ക്കായി ജിഷിന്‍ പങ്കുവച്ചിരിക്കുന്നത്. ബാഹുബലി സിനിമയിലെ 'പല്‍വാല്‍ദേവനാ'യെത്തിയ റാണ ദഗ്ഗുബാട്ടിയുമൊക്ക് എടുത്ത ചിത്രത്തോടൊപ്പമാണ് ജിഷിന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സെല്‍ഫിയെടുക്കാന്‍ ഓടിച്ചെന്ന തന്നോട് അദ്ദേഹത്തിന്‍റെ ബോഡിഗാര്‍ഡുകള്‍, ഒരു പീഡകനോടെന്നതു പോലെയാണ് പെരുമാറിയതെന്നും, എന്നാല്‍ അദ്ദേഹം അടുത്തേക്കുവിളിച്ച് സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചെന്നും ജിഷിന്‍ പറയുന്നു. ഒറ്റയ്ക്ക് ഒരു കാളയെ തറപറ്റിച്ച പല്‍വാല്‍ദേവന് എന്തിനാണ് ഇത്രയധികം ബോഡീ ഗാര്‍ഡുകളെന്നാണ് ജിഷിന്‍റെ സംശയം. ഏതായാലും താന്‍ ബോഡീഗാര്‍ഡുകളെ നിര്‍ത്തില്ലെന്നും, തന്‍റെ സുഹൃത്തുക്കള്‍ക്ക് ബോഡിഗാര്‍ഡുകളെ പേടിക്കാതെ തന്‍റെയടുത്തുവന്ന് സെല്‍ഫിയെടുക്കാമെന്നും പറഞ്ഞാണ് ജിഷിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിങ്ങനെ

ഒരു സെല്‍ഫിക്കഥ.
''ഏതോ ഒരു അവാര്‍ഡ് നൈറ്റ് ആയിരുന്നു. ഈ റാണ ദഗ്ഗുബത്ത് ഇരുന്നതിന്റെ തൊട്ടു പുറകിലത്തെ നിരയില്‍ ആയിരുന്നു ഞാനും ഇരുന്നത്. ബാഹുബലി കത്തി നില്‍ക്കുന്ന സമയം. ഒരു സെല്‍ഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞാന്‍. ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാര്‍ഡ് മല്ലന്മാരെ കണ്ടപ്പോള്‍ ആ ആഗ്രഹം മനസ്സിലൊതുക്കി വച്ച് അവിടെ തന്നെ ഇരുന്നു കുറെ നേരം. ലവന്മാര്‍ അങ്ങോട്ട് തിരിഞ്ഞു നില്‍ക്കുന്ന കാരണം സ്റ്റേജിലെ പെര്‍ഫോമന്‍സുകള്‍ കാണാനും പറ്റുന്നില്ല. 'ഇവന്മാര്‍ക്ക് അവിടെങ്ങാനും ഇരുന്നുകൂടെ.. ഇവന്മാരുടെ പിന്‍ മസിലുകള്‍ കാണാനാണോ നമ്മളിവിടെ ഇരിക്കുന്നെ?.' ഇടവേള വന്ന നിമിഷം. രണ്ടും കല്‍പ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ ബോഡിഗാര്‍ഡ് തടിമാടന്മാര്‍ പിടിച്ചു നിര്‍ത്തി. അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ അങ്ങേരെ പീഡിപ്പിക്കാന്‍ പോകുവാണെന്ന്. ഒരു അവാര്‍ഡ് നൈറ്റിന്റെ മുന്‍നിര സീറ്റുകളില്‍ ഇരിക്കുന്നവര്‍ സെലിബ്രിറ്റികള്‍ ആയിരിക്കും എന്ന് ഈ മണ്ടന്മാര്‍ക്ക് ഊഹിച്ചു കൂടെ. എവിടെ, ലവന്മാര്‍ക്ക് മസില്‍ മാത്രമല്ലേ ഉള്ളു.. വിവരമില്ലല്ലോ. ഏതായാലും അങ്ങേര്‍ക്ക് ആ ബോധം ഉണ്ടായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ച് സെല്‍ഫി എടുക്കാന്‍ സമ്മതിച്ചു. എന്നാലും എന്റെ പല്‍വാല്‍ദേവാ.. ബാഹുബലിയില്‍ കാളയെ ഒറ്റയ്ക്ക് തറപറ്റിച്ച നിങ്ങള്‍ക്ക് എന്തിനാ മച്ചാനേ ഇത്രേം ബോഡിഗാര്‍ഡ്. എന്തേലും ആവട്ടെ. ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഞാന്‍ ഏതായാലും ബോഡിഗാര്‍ഡിനെ വെക്കുന്നില്ല. എന്റെ കൂട്ടുകാര്‍ക്ക് എപ്പോ വേണേലും എന്റടുത്തു വന്നു സെല്‍ഫി എടുക്കാം കേട്ടോ.''

click me!