'റോക്കി ഭായി'യുടെ അമ്മ, വയസ്സ് 27, 'കെജിഎഫി'ന് തന്നെ ആവശ്യമായിരുന്നുവെന്ന് അർച്ചന

By Web TeamFirst Published May 16, 2022, 9:53 AM IST
Highlights

എന്തായാലും കഥക് നൃത്തകി കൂടിയായ അര്‍ച്ചന ആദ്യ ചിത്രത്തില്‍ തന്നെ പാന്‍ ഇന്ത്യന്‍ ആരാധകരെ സൃഷ്ടിച്ചതിന്‍റെ സന്തോഷത്തിലാണ്. ഫഹദ് ഫാസിലിന്‍റെ ആരാധിക കൂടിയാണ് അര്‍ച്ചന.

ബിഗ് സ്ക്രീനില്‍ ചെറിയ സമയം കൊണ്ട് തന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് 'കെജിഎഫി'ലെ(KGF) റോക്കിഭായിയുടെ അമ്മയായ ശാന്തമ്മ. നടി അര്‍ച്ചന ജോയിസ്സാണ് ഈ കഥാപാത്രത്തെ സ്ക്രീനിൽ എത്തിച്ചത്.  27 വയസ്സാണ് അർച്ചനയുടെ പ്രായം എങ്കിലും യാഷിന്റെ അമ്മയെ തന്മയത്വത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ താരത്തിന് സാധിച്ചു. ആദ്യം വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ വേഷമാണ് സംവിധായകന് പ്രശാന്ത് നീല്‍ ആവശ്യപ്പെട്ടതോടെ ഏറ്റെടുത്തതെന്ന് പറയുകയാണ് അർച്ചനയിപ്പോൾ. ബെംഗ്ലൂരുവില്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അർച്ചന. 

'ഞാനല്ല കെജിഎഫിനെ ചൂസ് ചെയ്തത്. അവരാണ് എന്നെ ചൂസ് ചെയ്തത്. ടെലിവിഷൻ‌ സീരിയലിലൂടെയാണ് ഞാൻ‌ എന്റെ കരിയർ ആരംഭിക്കുന്നത്. കെജിഎഫ് ആണെന്റെ ആദ്യ സിനിമ. ഒരു സീരിയലിലെ ദുർ​ഗ എന്ന കഥാപാത്രം കണ്ടാണ് കെജിഎഫ് പ്രവർത്തകർ എന്നെ സമീപിക്കുന്നത്. ആദ്യം പറ്റില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് പ്രശാന്ത് സർ നിരവധി തവണ എന്നെ കോണ്ടാക്ട് ചെയ്തിരുന്നുവെങ്കിലും ഞാൻ ഓക്കെ പറഞ്ഞില്ല. ഒരുതവണ നേരിൽവന്ന് കഥ കേൾക്കാനും ശേഷം തീരുമാനിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് കഥ കേൾക്കുന്നത്. കെജിഎഫിന് എന്നെ ആവശ്യമായിരുന്നെന്ന് തോന്നുന്നു', അർച്ചന പറയുന്നു. 

'റോക്കി ഭായിയുടെ മുതിർന്ന കാലഘട്ടത്തെ അമ്മയായി അഭിനയിക്കാൻ ആയുന്നുവെന്നാണ് ആദ്യം കരുതിയത്. ശേഷമാണ് റോക്കി ഭായിയുടെ കുട്ടിക്കാലത്തെ അമ്മയാണെന്ന്. അതെനിക്ക് ഈസിയായിരുന്നു. കെജിഎഫ് അമ്മ എന്നാണ് എല്ലാവരും എന്നെയിപ്പോൾ വിളിക്കാറ്. കെജിഎഫ് ഒന്നിനെക്കാൾ രണ്ടാം ഭാ​ഗം വന്നപ്പോഴാണ് ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയതെന്ന് തോന്നുന്നു', എന്നും അർച്ചന പറയുന്നു. എന്തായാലും കഥക് നൃത്തകി കൂടിയായ അര്‍ച്ചന ആദ്യ ചിത്രത്തില്‍ തന്നെ പാന്‍ ഇന്ത്യന്‍ ആരാധകരെ സൃഷ്ടിച്ചതിന്‍റെ സന്തോഷത്തിലാണ്. ഫഹദ് ഫാസിലിന്‍റെ ആരാധിക കൂടിയാണ് അര്‍ച്ചന.

മാര്‍വല്‍ യൂണിവേഴ്‌സ് ലെവലില്‍ 'കെജിഎഫ് 3'; ചിത്രീകരണം ഉടനെന്ന് നിര്‍മ്മാതാവ്

ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു 'കെജിഎഫ് 2' (KGF Chapter 2). ആപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത താരത്തിൽ ​ഗംഭീരപ്രകടനം തന്നെയാണ് ചിത്രം കാഴ്ചവച്ചതും. ബോക്സ് ഓഫീസിൽ ഓരോ ദിവസം കഴിയുന്തോറും മിന്നും പ്രകടനമാണ് യാഷ് ചിത്രം കാഴ്ചവയ്ക്കുന്നത്. രണ്ടാം ഭാ​ഗത്തിന് പിന്നാലെ മൂന്നാം ഭാ​ഗവും വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവിരങ്ങൾ അറിയിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.

ഈ വർഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ‌മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.

'പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തിൽ ആരംഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിനു ശേഷമാണ് കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു മാര്‍വല്‍ യൂണിവേഴ്‌സ് ശൈലിയിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആ​ഗ്രഹിക്കുന്നത്. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും', എന്ന് നിർമാതാവ് വ്യക്തമാക്കുന്നു.

click me!