
ചെന്നൈ:നടൻ രവി മോഹനുമായുള്ള വിവാഹമോചന പോരാട്ടത്തിൽ ഭാര്യ ആരതിക്കൊപ്പം നിലയുറപ്പിച്ച് തമിഴിലെ മുതിര്‍ന്ന നടിമാരായ ഖുഷ്ബു സുന്ദറും രാധിക ശരത്കുമാറും. ഒരു പിതാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും രവി മോഹന്‍ ഒഴിഞ്ഞു മാറുകയാണെന്നും, ഒപ്പം ഇരുവരും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്ന് ആരതി വിശേഷിപ്പിക്കുന്ന കെനിഷ ഫ്രാൻസിസുമായി പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തതിനെക്കുറിച്ചുള്ള രവിയുട ഭാര്യയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് ഈ പിന്തുണ.
കഴിഞ്ഞ വർഷം, വേർപിരിയലിനെച്ചൊല്ലി രവിയും ആരതിയും തമ്മിൽ പരസ്യമായി തർക്കമുണ്ടായിരുന്നു, നിലവിൽ അവരുടെ വിവാഹമോചന നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം. അതിനിടെയാണ് ഒരു നിര്‍മ്മാതാവിന്‍റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷ ഫ്രാൻസിസും ഒന്നിച്ച് എത്തിയത്. ഇത് കോളിവുഡില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ വർഷം കെനീഷയും രവിയും ഞങ്ങള്‍ തമ്മില്‍ പ്രഫഷണലായ ബന്ധത്തിന് അപ്പുറം മറ്റ് ബന്ധങ്ങള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വേല്‍ ഫിലിംസ് ഉടമ ഈഷാരി ഗണേഷിന്‍റെ മകളുടെ വിവാഹത്തിൽ അവർ ഒരേ വസ്ത്രങ്ങൾ ധരിച്ച് പങ്കെടുത്തത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് ആരതിയുടെ പ്രസ്തവന വന്നത്.
ഒരു പിതാവെന്ന നിലയിൽ രവി തന്റെ കടമകളിൽ നിന്ന് മാറിനിന്നതിന് ആരതി രവിയെ കുറ്റപ്പെടുത്തി. മാനസികമായി തന്നെ ഉപേക്ഷിച്ച രവി സാമ്പത്തിക അവഗണനയും നടത്തുന്നു എന്ന് ആരോപിച്ചു. ആരതിയുടെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് ഖുഷ്ബുവും രാധികയും സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിക്കുകയായിരുന്നു.
"ഒരു അമ്മ പറയുന്ന സത്യം, വരും ദിവസങ്ങളിൽ ഒരു സാക്ഷ്യമായി നിലനിൽക്കും" എന്നാണ് ഖുഷ്ബു എഴുതിയത്. ഐക്യം പ്രകടിപ്പിക്കുന്ന ഇമോജിയിട്ടാണ് രാധിക ശരത്കുമാര്‍ പ്രസ്താവനയെ പിന്തുണച്ചത്. നേരത്തെ തന്നെ രവി മോഹന്‍റെ മുന്‍ ഭാര്യ എന്ന് വിളിക്കരുത് എന്ന് ആരതി പ്രസ്താവനയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.