Kudumbavilakku : മഹേന്ദ്രനെ തകര്‍ക്കാനുറച്ച് സുമിത്ര; 'കുടുംബവിളക്ക്' റിവ്യൂ

By Web TeamFirst Published Feb 27, 2022, 7:00 PM IST
Highlights

തങ്ങളോട് ചെയ്തതുപോലെ മറ്റ് പലരോടും മഹേന്ദ്രന്‍ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്ന സുമിത്ര, മഹേന്ദ്രനെതിരെ യുദ്ധം നയിക്കാനുള്ള പുറപ്പാടിലാണ്.

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, ജീവിതയാത്രയില്‍ പതറാതെ സുമിത്ര വളരുകയായിരുന്നു. ശക്തയായ സ്ത്രീകളുടെ കഥകള്‍ പലപ്പോഴായി പരമ്പരയായിട്ടുണ്ടെങ്കിലും, സുമിത്ര വേറിട്ടൊരു കഥാപാത്രമാണ്.

സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥയായ സ്ത്രീയെ വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്നെ വേദിക കെയര്‍ ചെയ്യുന്നുവെന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് അത്തരത്തിലൊരു വിവാഹം ചെയ്യുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ, സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നുണ്ട്. കൂടാതെ സിദ്ധാര്‍ത്ഥ്, വേദികയോട് പലപ്പോഴായി സുമിത്രയുടെ നല്ല മനസ്സിനെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വേദികയ്ക്ക് സുമിത്രയോട് ഒരു പക തോന്നുന്നു. ഈ പകയാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. സുമിത്രയുടെ വീടിന്റെ ആധാരം, സിദ്ധാര്‍ത്ഥിന്റെ അമ്മയെകൊണ്ട് മോഷ്ടിപ്പിച്ച് വേദിക ചില കോലാഹലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതുകാരണം വേദിക ജയിലില്‍ ആകുകയും, സുമിത്ര മറ്റുചില പ്രശ്‌നങ്ങളില്‍ പെടുകയും ചെയ്യുന്നുണ്ട്.

മോഷ്ടിച്ച ആധാരം വേദിക പണയം വയ്ക്കുന്നത്, നാട്ടിലെ വലിയ കൊള്ളപലിശക്കാരനായ മഹേന്ദ്രന്‍ എന്ന ആളുടെ പക്കലാണ്. എന്നാല്‍ തിരികെ എടുക്കാന്‍ താല്പര്യം ഇല്ലാതെയാണ് വേദിക അത് പണയം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ സുമിത്രയുടെ വീട്ടില്‍ മഹേന്ദ്രന്‍ എത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു. സിദ്ധാര്‍ത്ഥിന്റെ അമ്മ സാവിത്രിയാണ് വേദികയോടൊപ്പം എല്ലാത്തിനും കൂട്ട് നിന്നത് എന്നറിഞ്ഞ സാവിത്രിയുടെ ഭര്‍ത്താവ് ശിവദാസന്‍, സാവിത്രിയുടെ ആധാരം പകരം നല്‍കി, സുമിത്രയുടെ ആധാരം തിരികെ എടുത്തുനല്‍കുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് സുമിത്രയോട് മുന്‍ വൈരാഗ്യമുള്ള ഇന്ദ്രജ എന്ന ഡോക്ടര്‍ വേദികയെ ജാമ്യമെടുത്ത് പുറത്തിറങ്ങാന്‍ സഹായിക്കുന്നുണ്ട്. അതോടെ സുമിത്രയുടെ ശത്രുക്കള്‍ ഒന്നിച്ച് സുമിത്രയ്‌ക്കെതിരെ തിരിയുകയാണ്.

തങ്ങളോട് ചെയ്തതുപോലെ മറ്റ് പലരോടും മഹേന്ദ്രന്‍ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്ന സുമിത്ര, മഹേന്ദ്രനെതിരെ യുദ്ധം നയിക്കാനുള്ള പുറപ്പാടിലാണ്. അതിനായി ഇതിന് മുന്നേ മഹേന്ദ്രന്‍ ചതിച്ച് ആധാരം കൈക്കലാക്കിയ ഒരു അച്ഛന്റേയും മകളുടേയും അടുത്ത് സുമിത്ര എത്തുന്നുണ്ട്. അത് പരമ്പരയെ വരും ദിവസങ്ങളില്‍ കലുഷിതമായി നിര്‍ത്താനാണ് സാധ്യത.

അതുപോലെതന്നെ പുതിയ എപ്പിസോഡുകളിലെ പ്രധാന ചര്‍ച്ച, സുമിത്രയുടെ ദുബായ് യാത്രയാണ്. മുംബൈയിലുള്ള ഒരു കമ്പനി വഴി സുമിത്രയുടെ ബിസിനസ് ഗള്‍ഫിലേക്കും വികസിപ്പിക്കണമെന്ന ആശയം സുമിത്രയുടെ സുഹൃത്തും, സുമിത്രയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാളുമായ രോഹിത്തിന്റേതാണ്. നാട്ടില്‍ വളരെയധികം കുടുംബക്കാരുടെ ഇടയില്‍ സുമിത്രയെ ഒറ്റയ്ക്ക് സംസാരിക്കാനും മറ്റും കിട്ടുന്നില്ലായെന്ന കാരണമാണ് രോഹിത്തിന്റെ ഈ ബുദ്ധി. എന്നാല്‍ സുമിത്രയുടെ വളര്‍ച്ചയില്‍ അസൂയാലുക്കളായ മിക്കവരും ഈ ബിസിനസ് മുടക്കാനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ സുമിത്ര മഹേന്ദ്രനുമായുള്ള പ്രശ്‌നത്തിലേര്‍പ്പെടുന്നതും പരമ്പരയുടെ കഥാഗതി മാറ്റിമറിക്കും എന്നതാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

click me!