'എനിക്കെന്തിന്‍റെ കേടായിരുന്നു; പണ്ഡിറ്റിനെ പ്രൊപ്പോസ് ചെയ്ത സുബി, മറുപടിയും', വീഡിയോ പങ്കുവച്ച് താരം

By Web TeamFirst Published Feb 27, 2022, 6:50 PM IST
Highlights

മുന്‍പ് പങ്കെടുത്ത ഒരു ഷോയില്‍ നിന്നുള്ള വീഡിയോയാണ് സുബി പങ്കുവച്ചത്

സിനിമകളിലൂടെയും  മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ കോമഡി താരവും നടിയുമൊക്കെയാണ് സുബി സുരേഷ് (Subi suresh). കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും സുബി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാന്‍ സുബിക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇതൊക്കെയാണെങ്കിലും മലയാള ടെലിവിഷന്‍ രംഗത്ത് ക്രോണിക് ബാച്ചിലറായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് സുബി സുരേഷ്. പലപ്പോഴും സുബിയുടെ കല്യാണവിശേഷം സംബന്ധിച്ച്  ചോദ്യങ്ങളുയർന്നിട്ടുണ്ട്. കൃത്യമായ മറുപടി നൽകാതെ വലിയാറാണ് സുബിയുടെ പതിവ്. അതുകൊണ്ടുതന്നെ ഗോസിപ്പുകൾക്ക് കുറവുണ്ടാകാറില്ലതാനും. പക്ഷെ ഇതൊന്നും താരത്തെ ബാധിക്കുന്ന വിഷയമേയല്ല. കല്യാണക്കാര്യമായാലും, മറ്റെന്ത് കാര്യമായാലും തന്നെ ട്രോളാൻ മറ്റാരും വേണ്ടെന്ന ലൈനിലാണ് സുബിയുടെ നിൽപ്. അതുപോലൊരു സെൽഫ് ട്രോളാണ് സുബി കഴിഞ്ഞ ദിവസം പങ്കുവച്ചിരിക്കുന്നത്. 

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോക്ക് കമന്റുകളുമായി ആരാധകർ എത്തിക്കഴിഞ്ഞു. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ഷോയില്‍ നിന്നുള്ള വീഡിയോ ശകലമാണ്ണ് സുബി പങ്കുവച്ചത്. വീഡിയോയില്‍ സുബി സന്തോഷ് പണ്ഡിറ്റിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ് കാര്യം.

എന്നെപ്പൊലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു പണ്ഡിറ്റിനോട് സുബിയുടെ ചോദ്യം. അത് പിന്നെ മാഡം,  എന്ന് പറഞ്ഞ് തുടങ്ങിയ പണ്ഡിറ്റിനോട്, അത് തിരുത്തി, മാഡം അല്ല, സുബി അങ്ങനെ വിളിച്ചാല്‍ മതിയെന്ന് പറയുന്നു. ഓകെ, സുബി ഞാൻ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഈ വീഡിയോയിൽ തഗ് സിമ്പലും സുബിക്ക് കിളിപോയ ഇമോജി സിമ്പലും ചേർത്ത് എഡിറ്റ് ചെയ്ത ട്രോൾ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോർത്തതാ, മച്ചാൻ കാലേൽ വാരി തറയിലടിച്ചു.. എനിക്കെന്തിന്റെ കേടായിരുന്നു.. എന്ന കുറിപ്പാണ് വീഡിയോക്ക് സുബി നൽകിയിരിക്കുന്നത്. വീഡിയോക്ക് കമന്റുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ് എത്തുന്നുണ്ട്.  'ഞാൻ. സുബി ജി എനിക്ക് സിസ്റ്റർ മാതിരി .. അതാ അങ്ങനെ പറഞ്ഞെ.. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ? ഉച്ച ഭക്ഷണം കഴിച്ചോ ? ചായ കുടിച്ചോ ? നന്ദി ..' -എന്നായിരുന്നു പണ്ഡിറ്റിന്റെ രസകരമായ കമന്റ്. 

ഏറെ രസകരമായ കമന്റുകളാണ് വീഡിയോക്ക് വരുന്നത്. സുബിയുടെ മനസിന്റെ സൌന്ദര്യം കാണുന്ന ഒരാൾ വരുമെന്ന് ചിലർ കമന്റ് ചെയ്യുന്നു. എന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ സങ്കൽപ്പത്തെ വിമർശിക്കുന്നവരും ഉണ്ട് ധാരാളം. 'ഇനിയും നേരം വെളുത്തില്ലേ' എന്ന് ചിലർ ചോദിക്കുമ്പോൾ, ഓരോരുത്തർക്കും അവരവരുടെ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടെന്ന് മറ്റു ചിലർ കമന്റ് ചെയ്യുന്നു. 

click me!