'ആ സ്വര്‍ണ്ണം അതിജീവനത്തിലൂടെ അവൾ തന്നെ സ്വരുക്കൂട്ടിയതാണത്'; വീണയ്ക്ക് പിന്തുണയുമായി ലക്ഷ്‍മിപ്രിയ

By Web TeamFirst Published Jun 27, 2021, 2:29 PM IST
Highlights

വീണ നായര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് വിമര്‍ശനവുമായി ലക്ഷ്‍മിപ്രിയ

സ്ത്രീധനം വാങ്ങുന്നവരെ വേണ്ടെന്നു പറയണമെന്ന ആഹ്വാനവുമായി നടി വീണ നായർ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹദിവസം ഏറെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച വീണയുടെ വിവാഹചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ഈ കുറിപ്പിനെ പലരും വിമര്‍ശിക്കുകയും ചെയ്‍തു. വിമര്‍ശനങ്ങള്‍ക്കിടെ മകന്‍റെ പേര് പോലും പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് വീണ ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്‍തിരുന്നു. എന്നാൽ സോഷ്യൽ മീഡിയകളിൽ താരത്തിനെതിരായ മോശം പ്രതികരണങ്ങൾ തുടരുകയാണ്.

ഈ പ്രതികരണങ്ങൾ പുറത്തുവരുന്നതിനിടെ വീണയ്ക്ക് പിന്തുണയുമായി  എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. സീരിയൽ അഭിനയം ആരംഭിച്ച കാലം മുതല്‍ വീണയെ അറിയാമെന്ന് പറഞ്ഞാണ് ലക്ഷ്മി പ്രിയ തുടങ്ങുന്നത്. അതിജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങളെല്ലാം. അച്ഛനും അമ്മയും നഷ്ടമായ വീണ അധ്വാനിച്ച് സ്വന്തമാക്കിയ സ്വർണമാണ് അത്. എല്ലാം വരൻ ചോദിച്ചുവാങ്ങുന്നവയല്ലെന്നും ലക്ഷ്മി പറയുന്നു. സൈബർ ആക്രമണം നേരിട്ട അശ്വതി ശ്രീകാന്തിനെ പിന്തുണച്ചും ലക്ഷ്മി പ്രിയ കുറിപ്പിൽ പ്രതികരിക്കുന്നുണ്ട്

ലക്ഷ്മിയുടെ കുറിപ്പിങ്ങനെ...

വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം. ആദ്യമായി വീണ സീരിയലിൽ അഭിനയിക്കാൻ വന്നത് മുതൽ വീണയെ എനിക്കറിയാം. സ്വാതി തിരുനാൾ അക്കാദമിയിൽ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവർ ആറ്റുകാലില്‍ സ്ഥിരതാമസമാക്കുകയും സീരിയലുകളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ആദ്യത്തെ സീരിയൽ തന്നെ എനിക്കൊപ്പമാണ്. ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊൻപതുകാരിയെ ഷൂട്ടിംഗിന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്.

 എന്നാൽ അവളുടെ ഡിഗ്രി കാലഘട്ടത്തിൽ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങൾ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു. ഞാൻ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന പെണ്ണായി. നിർഭാഗ്യവശാൽ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.

തളർന്നു പോയ അവളുടെ അതിജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങൾ. അവളുടെ മനക്കരുത്ത്. കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട്. പെൺകുട്ടികൾ വിവാഹ ദിനത്തിൽ അണിയുന്ന  എല്ലാ പൊന്നും വരന്‍റെ വീട്ടുകാർ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വർണ്ണവും അല്ല.

ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലിൽ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ്സ് മുതൽ നാടകത്തിൽ അഭിനയിച്ച് ആ കാശിന് സ്വർണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിർമണ്ഡപത്തിൽ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്. പെൺകുട്ടികൾ കാര്യശേഷി ഉള്ളവർ ആവണം. ഈ സ്വർണ്ണം എന്നത് മികച്ച ഒരു സേവിങ്സ് ആണ്. ഒരു പവൻ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

click me!