'രാജ'യോ 'ലൂസിഫറോ'; യുട്യൂബില്‍ ആരാണ് നമ്പര്‍ വണ്‍?

By Web TeamFirst Published Mar 21, 2019, 12:04 PM IST
Highlights

വന്‍ പ്രതികരണമാണ് ഇരുചിത്രങ്ങളുടെയും വീഡിയോകള്‍ക്ക് ലഭിച്ചത്. മൂന്ന് മണിക്കൂര്‍ മുന്‍പെത്തിയതിനാല്‍ മധുരരാജയുടെ ടീസറായിരുന്നു യുട്യൂബ് കാഴ്ചകളുടെ എണ്ണത്തില്‍ രാത്രി മുന്നില്‍. എന്നാല്‍ പിന്നീട് ലൂസിഫര്‍ ഈ കണക്കുകളെ മറികടന്നു.
 

മലയാളി സിനിമാപ്രേമികളില്‍ ഏരെ കൗതുകമുണര്‍ത്തിയ രണ്ട് സൂപ്പര്‍താര പ്രോജക്ടുകളുടെ ട്രെയ്‌ലറും ടീസറും ഒരുമിച്ചെത്തിയ ദിവസമായിരുന്നു ബുധനാഴ്ച. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫറി'ന്റെ ട്രെയ്‌ലറും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ടീസറും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജുകള്‍ വഴി മുന്‍കൂട്ടി ആരാധകരെ അറിയിച്ച്, യുട്യൂബ് വഴി പ്രീമിയര്‍ ചെയ്യുകയായിരുന്നു ഇരുചിത്രങ്ങളുടെയും പ്രചരണ വീഡിയോകള്‍. ഇതുപ്രകാരം ആദ്യമെത്തിയത് മധുരരാജയുടെ ടീസര്‍ ആയിരുന്നു. വൈകിട്ട് ആറിന് ടീസറെത്തി. രാത്രി ഒന്‍പതിനായിരുന്നു ലൂസിഫറിന്റെ ട്രെയ്‌ലര്‍.

വന്‍ പ്രതികരണമാണ് ഇരുചിത്രങ്ങളുടെയും വീഡിയോകള്‍ക്ക് ലഭിച്ചത്. മൂന്ന് മണിക്കൂര്‍ മുന്‍പെത്തിയതിനാല്‍ മധുരരാജയുടെ ടീസറായിരുന്നു യുട്യൂബ് കാഴ്ചകളുടെ എണ്ണത്തില്‍ രാത്രി മുന്നില്‍. എന്നാല്‍ പിന്നീട് ലൂസിഫര്‍ ഈ കണക്കുകളെ മറികടന്നു. യുട്യൂബ് പ്രീമിയറിലും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ ഒരേസമയം 57,000 പേര്‍ വരെ കണ്ടു. ഇപ്പോഴത്തെ കണക്കനുസരിച്ച് 13.6 ലക്ഷത്തിലധികം കാഴ്ചകളാണ് മധുരരാജയുടെ ടീസറിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നതാവട്ടെ 23.5 ലക്ഷത്തിലേറെ കാഴ്ചകളും.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമായാണ് പറയപ്പെടുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മോഹന്‍ലാലിന്റെ കഥാപാത്രം. അതേസമയം പോക്കിരിരാജയിലെ 'രാജ' എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് വൈശാഖിന്റെ 'മധുരരാജ' എന്ന ചിത്രം. മമ്മൂട്ടി നായകനാവുന്ന ചിത്രം പ്രതീക്ഷിക്കുന്നതുപോലെ ആക്ഷന്‍, ഫണ്‍ എലമെന്റുകള്‍ ചേര്‍ന്നതാവും. ടീസര്‍ നല്‍കുന്ന പ്രതീക്ഷ അത്തരത്തിലാണ്.

click me!