'ഒരിടത്തൊരു മുറ്റമുണ്ടായിരുന്നു...'; കവിതയിലൂടെ, ജനിച്ചുവളര്‍ന്ന വീടിന്റെ കഥ പറഞ്ഞ് അശ്വതി

Web Desk   | Asianet News
Published : Jun 16, 2020, 12:11 AM IST
'ഒരിടത്തൊരു മുറ്റമുണ്ടായിരുന്നു...';  കവിതയിലൂടെ, ജനിച്ചുവളര്‍ന്ന വീടിന്റെ കഥ പറഞ്ഞ് അശ്വതി

Synopsis

താന്‍ ജനിച്ചു വളര്‍ന്ന വീടിന്റെ ഓര്‍മയില്‍ എഴുതിയ ഒരു കവിതയാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. തന്റെ പഴയ വീട് മുത്തശ്ശി മരിച്ചതോടെ വിറ്റുപോയെന്നും ആ ഓര്‍മകള്‍ മായുന്നില്ലെന്നും ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി അശ്വതി പറയുന്നുണ്ട്.

ആങ്കറെന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയത്. തന്റെ ജീവിതാനുഭവങ്ങളും സ്വതസിദ്ധമായ ശൈലിയും കൊണ്ട് സാധാരണക്കാരായ പ്രേക്ഷകരിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലാന്‍ അശ്വതിക്ക് സാധിച്ചു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ തന്റെ ആശയങ്ങള്‍ നിരന്തരം പങ്കുവയ്ക്കാന്‍ അശ്വതി സമയം കണ്ടെത്തും. കഴിയുന്നിടത്തോളം ആളുകളുമായി സംവദിക്കും. ഒരു സിനിമയില്‍ പോലും മുഖം കാണിച്ചില്ലെങ്കിലും താരത്തിന് സിനിമാ താരത്തോളം തന്നെ ആരാധകരുണ്ട് സോഷ്യല്‍ മീഡിയയില്‍. എഴുത്തുകാരി കൂടിയായ താരത്തിന്റെ ഓരോ കുറിപ്പുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ജനിച്ചു വളര്‍ന്ന വീടിന്റെ ഓര്‍മയില്‍ എഴുതിയ ഒരു കവിതയാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ പഴയ വീട് മുത്തശ്ശി മരിച്ചതോടെ വിറ്റുപോയെന്നും ആ ഓര്‍മകള്‍ മായുന്നില്ലെന്നും ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി അശ്വതി പറയുന്നു.

ഒരിടത്തൊരു മുറ്റമുണ്ടായിരുന്നു...
അരികും മൂലേം ചേര്‍ത്തടിച്ച്
ചേട്ട കളഞ്ഞ മുറ്റം
നിറം മുക്കിയ കോഴിക്കുഞ്ഞുങ്ങള്‍
നിരന്നു നടന്ന മുറ്റമാണ്
കാല്‍മുട്ടുകളില്‍ ഓര്‍മ്മ തറച്ച
വെള്ളാരം കല്ലുകള്‍ പതുങ്ങിക്കിടപ്പുണ്ട്...
നീല സൈക്കിളിന്റെ മൂന്നു ചക്രങ്ങള്‍
നീളെയും കുറുകെയും വരഞ്ഞിട്ടുണ്ട്...
പേരമരത്തിന്റെ നിഴലിനടിയില്‍
ഓലമാടങ്ങള്‍ പൊങ്ങിയിട്ടുണ്ട്
ഓണം വന്നു മെഴുകി ചാണകം മണത്തിട്ടുണ്ട്
പൂവട്ടം കൊണ്ടതിനെ പത്തു നാളും മൂടിയിട്ടുണ്ട്
ഊഞ്ഞാല്‍ കുതിപ്പിന്റെ ചാലുകളിപ്പോഴും
ആകാശം കീറി വടക്കോട്ട് നില്‍പ്പുണ്ട് പഞ്ചാരയുണ്ടോന്ന് ചോദിച്ച് പലവട്ടം
സ്റ്റീല്‍ ഗ്ലാസ്സുകള്‍ കയറി വന്നിട്ടുണ്ട്
വാഴയില മൂടിയ സാന്പാറും മീന്‍ കറീം
ഉച്ച നോക്കി അയലോക്കത്ത് പോയിട്ടുണ്ട്
പലിശ ചോദിച്ചു വന്ന കാരണോര്‍
ചെരുപ്പഴിക്കാതെ പടിക്കല്‍ നിന്നിട്ടുണ്ട്
ഒന്നുമറിയാത്തപോലോരു കടപ്ലാവ്
പടിഞ്ഞാട്ട് ചാഞ്ഞു നിന്നിട്ടുണ്ട്

ഒക്കെയീ മുറ്റത്തു തന്നെയായിരുന്നു
ഓടി നടന്നതും ഓര്‍മ്മ കിളിര്‍ത്തതും

വെള്ള പുതച്ച് നിവര്‍ന്നു കിടന്നതും  (പഴയ വീട്, പണ്ടത്തെ കവിത...വെറുതെ കണ്ടപ്പോള്‍ പോസ്റ്റ് ചെയ്തതാണ് )

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍