'പ്രതീഷ്-സഞ്ജന' വിവാഹം നടക്കുമോ? ആകാംക്ഷയേറ്റി 'കുടുംബവിളക്ക്': റിവ്യൂ

By Web TeamFirst Published Jul 28, 2021, 3:51 PM IST
Highlights

ആ വിവാഹം നടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍

ജനപ്രീതിയിലേക്ക് അനായാസം എത്തിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ ജീവിതമാണ് പരമ്പര പറയുന്നത്. കഥയുടെ കെട്ടുറപ്പും കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയവും പരമ്പരയോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. ആധുനിക ജീവിത സാഹചര്യങ്ങളില്‍ സംഭവിക്കുന്ന കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയാണ് കുടുംബവിളക്ക് പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍, പരമ്പര നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെയാണിപ്പോള്‍ കടന്നുപോകുന്നത്. സുമിത്രയുടെ മകനായ പ്രതീഷിന്‍റെ വിവാഹമാണിപ്പോള്‍ പരമ്പരയിലെ പ്രധാന ചര്‍ച്ചാവിഷയം.

സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ്, സുമിത്രയെ ഉപേക്ഷിക്കുകയും വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു. സിദ്ധാര്‍ത്ഥിന്‍റെ ആദ്യഭാര്യയോടും സുമിത്രയോട് അനുകമ്പ കാണിക്കുന്ന മക്കളോടും മോശമായാണ് വേദിക പെരുമാറുന്നത്. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയതില്‍ സുമിത്ര തളരുന്നുണ്ടെങ്കിലും തളര്‍ച്ചകളെല്ലാം ഉയര്‍ച്ചകളാക്കിമാറ്റാന്‍ അവള്‍ക്ക് കഴിയുന്നുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാത്ത പെണ്ണിന് വിലയുണ്ടാകില്ല എന്ന് മനസ്സിലാക്കി ബിസിനസ് തുടങ്ങുന്നതും എല്ലാ കാര്യത്തിലും അഭിപ്രായം ഉണ്ടാക്കിയെടുക്കുന്നതും സുമിത്ര സ്വയം പരുവപ്പെടുന്നു എന്നതിന്‍റെ തെളിവാണ്.

 

സുമിത്രയോട് സ്‌നേഹമുള്ള മക്കളിലൊരാളാണ് പ്രതീഷ്. പ്രണയിച്ച പെണ്‍കുട്ടിയെ നഷ്ടപ്പെട്ട പ്രതീഷ് പരമ്പരയുടെ തുടക്കത്തിലെല്ലാം ഒരു നിരാശാകഥാപാത്രമായാണ് എത്തിയിരുന്നത്. പ്രതീഷ് സ്‌നേഹിച്ച സഞ്ജന എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛനായ രാമകൃഷ്ണന്‍ മറ്റൊരു വിവാഹം കഴിപ്പിക്കുകയാണുണ്ടായത്. അച്ഛന്‍റെ ഇഷ്ടത്തിന് വിവാഹം കഴിച്ച വ്യക്തി മരണപ്പെട്ടത് അടുത്തിടെയാണ്. അതിനുശേഷം പഴയ കാമുകനായ പ്രതീഷിനോട് സഞ്ജന അടുക്കുന്നതെല്ലാം രസകരമായാണ് പ്രേക്ഷകര്‍ കണ്ട് ഇരുന്നത്. പ്രണയം വീണ്ടും പൂത്തപ്പോള്‍ അത് വിവാഹത്തിലേക്ക് നീങ്ങുകയാണ്. പക്ഷെ വിവാഹത്തിന് സഞ്ജനയുടെ അച്ഛന്‍ രാമകൃഷ്ണന്‍ എതിരാണ് എന്നതാണ് ഇരുവരുടെയും മുന്നിലുള്ള വെല്ലുവിളി.

പ്രായത്തില്‍ വലിയ വ്യത്യാസമുള്ള ഭദ്രന്‍ എന്നയാളുമായി സഞ്ജനയെ വിവാഹം ചെയ്യിക്കാനാണ് രാമകൃഷ്ണന്‍ ശ്രമിക്കുന്നത്. എന്നാല്‍ മകനെ സഞ്‌ജനയുമായി ഒന്നിപ്പിക്കണമെന്നാണ് സുമിത്രയുടെ ആഗ്രഹം. അതിനായി സുമിത്ര പരമാവധി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഒരു രണ്ടാംകെട്ടുകാരിയെ മകന്‍ വിവാഹം കഴിക്കുന്നതിനോട് പ്രതീഷിന്‍റെ അച്ഛനായ സിദ്ധാര്‍ത്ഥിന് യോജിക്കാന്‍ സാധിക്കുന്നില്ല. സിദ്ധാര്‍ത്ഥിന്‍റെ അഭിപ്രായം ഇവിടെയെങ്കിലും വിജയിക്കണം എന്നുകരുതി വേദികയും സിദ്ധാര്‍ത്ഥിനെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ കല്ല്യാണം എങ്ങനെയും മുടക്കാനായി രാമകൃഷ്ണനുമായി വേദിക സന്ധിചേരുന്നുമുണ്ട്.

വേദികയുടെ കുബുദ്ധി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പ്രതീഷിനെ പൊലീസിന്‍റെ സഹായത്തോടെ തടയാന്‍ രാമകൃഷ്ണന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നുമില്ല. സഞ്ജനയെ വീട്ടുതടങ്കലിലേക്ക് ഇടുന്നതുവരെയാണ് പരമ്പരയുടെ നിലവിലെ പോക്ക്. സഞ്ജനയെ വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോകാന്‍ പ്രതീഷ് ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ വിവാഹം നടക്കുമോ എന്നറിയാന്‍ വരും എപ്പിസോഡുകള്‍ നിര്‍ണ്ണായകമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!