പതിനഞ്ച് ലക്ഷത്തിന്‍റെ ബാങ്ക് തട്ടിപ്പിന് ഇരയാവുന്ന 'സുമിത്ര'; 'കുടുംബവിളക്ക്' വൻ ട്വിസ്റ്റിലേക്ക്

By Web TeamFirst Published Mar 13, 2021, 5:45 PM IST
Highlights

കലാലയ സുഹൃത്തായ രോഹിത് ഗോപാലും മകള്‍ പൂജയും മാനസികമായ പിന്തുണ നല്‍കുന്നതോടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്‍റെ സഹായമേതും കൂടാതെ തനിക്ക് ജീവിക്കാനാകുമെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സുമിത്ര. 'കുടുംബവിളക്ക്' സീരിയല്‍ റിവ്യൂ

ജനപ്രീതിയുടെ തലത്തിലേക്ക് അനായാസമായി എത്തിയ പരമ്പരയാണ് കുടുംബവിളക്ക്. അഭിനേതാക്കളുടെ തന്മയത്വത്തോടെയുള്ള പ്രകടനവും തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീര വാസുദേവിന്‍റെ പ്രധാനകാഥാപാത്രവുമാണ് പരമ്പരയെ പകിട്ടേറിയതാക്കിയത്. കഥയുടെ കെട്ടുറപ്പും പരമ്പരയോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. ആധുനിക ജീവിത സാഹചര്യങ്ങളില്‍ കൂടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയാണ് കുടുംബവിളക്ക് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സുമിത്ര എന്ന വീട്ടമ്മ തന്‍റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധി നാടകീയമായി അവതരിപ്പിക്കുന്ന പരമ്പര പുതിയ ട്വിസ്റ്റിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍.

കലാലയ സുഹൃത്തായ രോഹിത് ഗോപാലും മകള്‍ പൂജയും മാനസികമായ പിന്തുണ നല്‍കുന്നതോടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്‍റെ സഹായമേതും കൂടാതെ തനിക്ക് ജീവിക്കാനാകുമെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സുമിത്ര. എന്നാല്‍ വന്‍ തിരിച്ചടിയാണ് പുതിയ എപ്പിസോഡില്‍ സംഭവിച്ചിരിക്കുന്നത്. സുമിത്ര എന്ന കഥാപാത്രത്തോട് അടുപ്പം തോന്നിയ പ്രേക്ഷകര്‍ക്കും സംഘര്‍ഷം പകര്‍ന്നുനല്‍കിക്കൊണ്ടാണ് പുതിയ എപ്പിസോഡുകളുടെ കഥാഗതി. ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തിയിരുന്ന സുമിത്രയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും പതിനഞ്ച് ലക്ഷമാണ് ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമായിരിക്കുന്നത്.

തന്‍റെ ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും സ്വരുക്കൂട്ടിവച്ച സുമിത്രയ്‌ക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ ബാങ്ക് തട്ടിപ്പ്. തട്ടിപ്പ് മനസിലാവാതെ ഫോണിലേക്കെത്തിയ കോളിന് ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെയാണ് സുമിത്രയ്ക്ക് പണം നഷ്ടമാകുന്നത്. പണം നഷ്ടമായെന്നറിഞ്ഞ് സുമിത്ര കൂട്ടുകാരിക്കൊപ്പം എത്രയുംവേഗം  ബാങ്കിലേക്ക് എത്തുന്നുവെങ്കിലും പോസിറ്റീവായ മറുപടിയല്ല ബാങ്കിന്‍റെ ഭാഗത്തുനിന്നും ലഭിക്കുന്നത്. പലപ്പോഴും വാര്‍ത്തകളില്‍ കാണുംപ്രകാരം നടന്ന തട്ടിപ്പാണോ അതോ സുമിത്രയെ അടുത്തറിയാവുന്ന ആരെങ്കിലും ഒരുക്കിയ കെണിയാണോയെന്നെല്ലാമാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കഥാഗതി അത്യന്തം ആകാംക്ഷയിലേക്ക് കടക്കുമ്പോള്‍ വരും എപ്പിസോഡുകള്‍ നിര്‍ണ്ണായകമാണ്.

click me!