മോഹന്‍ലാല്‍ എന്ന സംവിധായകന്‍റെ ആദ്യ ദിനം; 'ബറോസ്' ലൊക്കേഷന്‍ വീഡിയോ

By Web TeamFirst Published Apr 1, 2021, 7:01 PM IST
Highlights

അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും ക്യാമറാമാനൊപ്പമിരുന്ന് മോണിറ്റര്‍ നോക്കിയും ആക്ഷനും കട്ടും പറഞ്ഞ് അടിമുടി സംവിധായകന്‍റെ റോളിലേക്ക് മാറിയ മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ബറോസ്' പ്രഖ്യാപനഘട്ടം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ്. മാര്‍ച്ച് 24ന് നടന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചും പിന്നീടുള്ള അപ്‍ഡേഷനുകളുമൊക്കെ സിനിമാപ്രേമികള്‍, വിശേഷിച്ചും മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സിനിമയുടെ ആദ്യദിന ചിത്രീകരണത്തില്‍ നിന്നുള്ള ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍ മോഹന്‍ലാല്‍ ഇന്നലെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അതേദിനത്തിലെ ഒരു ലൊക്കേഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും ക്യാമറാമാനൊപ്പമിരുന്ന് മോണിറ്റര്‍ നോക്കിയും ആക്ഷനും കട്ടും പറഞ്ഞ് അടിമുടി സംവിധായകന്‍റെ റോളിലേക്ക് മാറിയ മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഏറെ ആവേശത്തോടെയും ആസ്വദിച്ചുമാണ് സംവിധായകന്‍റെ ജോലി അദ്ദേഹം ചെയ്യുന്നതെന്നും വ്യക്തമാണ്. 

2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

click me!