ഇതാണ് മോഹന്‍ലാലിന്‍റെ 'ബ്രോ ഡാഡി'; ലൊക്കേഷന്‍ ചിത്രം വൈറല്‍

By Web TeamFirst Published Sep 1, 2021, 11:31 AM IST
Highlights

നിലവില്‍ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരിലും താരനിര്‍ണ്ണയത്തിലും കൗതുകവുമായി പ്രഖ്യാപിക്കപ്പെട്ട 'ബ്രോ ഡാഡി'. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നെങ്കിലും മോഹന്‍ലാലിന്‍റേത് അണിയറക്കാര്‍ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി മോഹന്‍ലാലിന്‍റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. മുണ്ടും ജൂബയുമാണ് പുറത്തെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വേഷം. 

മോഹന്‍ലാലിനൊപ്പം കഥാപാത്രത്തിന്‍റെ ലുക്കില്‍ പൃഥ്വിയും അമ്മ മല്ലിക സുകുമാരനുമുണ്ട്. മല്ലികയും ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനെയും അമ്മയെയും ഒരു ഫ്രെയ്‍മില്‍ കണ്ട് സംവിധാനം ചെയ്യുന്നതിന്‍റെ ആവേശത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. നിലവില്‍ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!