'മൗനരാഗ'ത്തിലെ 'ബൈജു'വിനെ അറിയില്ലേ? മനസ് തുറന്ന് കാര്‍ത്തിക് പ്രസാദ്

By Bidhun NarayananFirst Published Jan 28, 2021, 8:10 PM IST
Highlights

"ഇരുപതോളം വര്‍ഷമായിട്ട് മിനിസ്‌ക്രീനില്‍ ഉണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി തന്നത് മൗനരാഗമാണ്. അതിന്‍റെ ക്രെഡിറ്റ് പരമ്പരയുടെ സംവിധായകന്‍ ഹാരിസണ്‍ സാറിനും തിരക്കഥാകൃത്ത് പ്രദീപേട്ടനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസേട്ടനും പ്രൊഡ്യൂസർ രമേശ് ബാബു സാറിനുമാണ്. കഴിഞ്ഞ ഓണത്തിന് പച്ചക്കറി വാങ്ങാന്‍പോയ സമയത്താണ് ജോസേട്ടന്‍ (ജോസ് പേരൂര്‍ക്കട) എന്നെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറയുന്നതും ഞാന്‍ മൗനരാഗത്തിലേക്ക് എത്തുന്നതും.."

ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാകും. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍  പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്ന് പറയാം. കാര്‍ത്തിക് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

സ്‍കൂള്‍ കാലത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോകള്‍

വളരെ ചെറുപ്പം മുതല്‍ക്കേ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. എന്നാല്‍ അതിനുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാനും ഒരുക്കമായിരുന്നില്ല. സ്‌കൂളിലെ സ്‌റ്റേജില്‍ കയറാന്‍പോലും പേടിയായിരുന്നു. അഭിനയമാണ് എപ്പോഴും ഇഷ്ടമുള്ള മേഖലയെങ്കിലും അത് ആരോടെങ്കിലും പറയുകയോ നാടകത്തിലോ മറ്റോ അവസരം തേടുകയോ ചെയ്തിരുന്നില്ല. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുക എന്നത് സ്‌കൂള്‍ക്കാലത്ത് ഒരു ഹോബിയായിരുന്നു. അത് നിര്‍ബാധം തുടരുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസംതന്നെ സിനിമ കണ്ടുവന്ന് അതിന്‍റെ കഥ കൂട്ടുകാരോട് പറയുക വലിയ ആവേശമുള്ള കാര്യമായിരുന്നു.

പലരും സിനിമയ്ക്ക് പോകുമ്പോള്‍ കൂടെ കുറച്ച് കൂട്ടുകാരെങ്കിലും കാണും, പക്ഷെ എന്‍റെ കാര്യം നേരെ തിരിച്ചാണ്. ആരെയെങ്കിലും കൂട്ടിയിട്ട് പോയാല്‍ എനിക്ക് ഒരു സംതൃപ്തി കിട്ടില്ല. കാരണം മറ്റൊന്നുമല്ല, എനിക്ക് സിനിമയിലെ ഓരോ ഡയലോഗും കൃത്യമായി കേള്‍ക്കണം. ആരുടെയെങ്കിലും കൂടെപോയാല്‍ അത് നടക്കില്ല. ആദ്യമൊക്കെ കൂട്ടുകാരുടെ കൂടെയായിരുന്നു പോയിരുന്നതെങ്കില്‍, സിനിമയാണ് പാഷന്‍ എന്ന് മനസ്സിലാക്കി സിനിമയെ കൂടുതല്‍ സീരിയസായി എടുത്തപ്പോള്‍ സിനിമ കാണല്‍ ഒറ്റയ്ക്കാക്കി മാറ്റുകയായിരുന്നു. സിനിമ കണ്ടുകണ്ടാണ് സിനിമയെ കൂടുതല്‍ മനസ്സിലാക്കിയത്. എന്നുകരുതി ഒരിക്കലും കൂട്ടുകാരുടെയൊപ്പം എവിടേക്കും പോകാത്ത ബോറനൊന്നുമല്ല.

മോഹം ഉള്ളിലൊതുക്കി ജീവിക്കാന്‍ തുടങ്ങുന്നു

ഗുരുവായൂരപ്പന്‍ കോളെജില്‍നിന്നും ഡിഗ്രി കഴിഞ്ഞിറങ്ങിയപ്പോള്‍ ജീവിതത്തെപ്പറ്റി വലിയ കാഴ്ചപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന് മാതൃഭൂമിയിലായിരുന്നു ജോലി. അവിടെ ഒരു അക്കൗണ്ടന്‍റ് ആയി ഞാനും കയറി. വൈകാതെതന്നെ വിവാഹവും കഴിഞ്ഞു. ഭാര്യ ശ്രീരഞ്ജിനിക്കും എന്‍റെ അഭിനയമോഹത്തോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ രണ്ട് കുട്ടികളുണ്ട്, മകള്‍ മീനാക്ഷി പ്ലസ്ടുവിന് പഠിക്കുന്നു. മകന്‍ കേശവമഹാദേവിന് നാല് വയസാണ്. അങ്ങനെ വിവാഹവും കഴിഞ്ഞ് മാതൃഭൂമിയില്‍ പണി എടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു മനസില്‍ ആദ്യ ലഡു പൊട്ടുന്നത്.

 

അഭിനയമോഹം എന്നില്‍ ആരംഭിച്ചത് എപ്പോഴാണെന്ന് പറയാന്‍ പറ്റുന്നില്ലെങ്കിലും ആദ്യമായി ഒരു ക്യാമറയ്ക്ക് മുന്നിലെത്തിയത് ശരിക്കും ഓര്‍മ്മയുണ്ട്. പക്ഷേ അതൊരു വീഡിയോ ആയിരുന്നില്ല, മറിച്ച് ഒരു ടൂത്ത്പേസ്റ്റിന്‍റെ പരസ്യത്തിനുവേണ്ടിയുള്ള ഫോട്ടോ ആയിരുന്നു. ആ പേസ്റ്റൊന്നും ഇന്നില്ല. പക്ഷെ അതിലേക്കുള്ള എന്‍റെ എത്തിപ്പെടല്‍ ഇപ്പോഴും ഒരു റീലെന്ന പോലെ ഓര്‍മ്മയിലുണ്ട്. മാതൃഭൂമിയില്‍ അക്കൗണ്ടന്‍റ് ആയി പണിയെടുക്കുന്ന സമയത്തായിരുന്നു അത്തരമൊരു അവസരം വന്നത്. പണിക്കിടയിലെ ടീ ബ്രേക്കിന് ഓടിപ്പാഞ്ഞുപോയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പിറ്റേന്നത് പല പത്രങ്ങളിലും അത് അച്ചടിച്ചുവന്നപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

'അവസരമുണ്ട്.. പോരുന്നോ' കോളുകള്‍

അക്കാലത്താണ് 'ചിത്രഭൂമി'യില്‍ അഭിനയിക്കാന്‍ മോഹമുണ്ട് എന്ന കോളത്തില്‍ ചിത്രവും കോണ്‍ടാക്റ്റ് വിവരങ്ങളും കൊടുക്കുന്നത്. അതോടെ നാട്ടുകാരെയും കൂട്ടുകാരെയുംകൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയായി. മിക്കവാറും എല്ലാവരും വിളിച്ച് പറ്റിച്ചിട്ടുണ്ട്. ഞാനല്ലാതെ വേറെയും ആളുകള്‍ അതില്‍ പരസ്യം ചെയ്തിട്ടുണ്ട്, അവരുടെ അവസ്ഥയും ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത്. എന്നാല്‍ അന്ന് എല്ലാവരുടെയും പറ്റിക്കലും മറ്റുമായപ്പോള്‍ എന്തെങ്കിലുമൊക്കെയാകണം എന്നൊരു ചിന്തയാണ് മനസ്സിലേക്ക് വന്നത്. ഈ ഫേക്ക് കോളുകള്‍ക്കിടയിലൂടെ ശരിയായ കോളുകളും വന്നിരുന്നു എന്നതാണ് ഏക സന്തോഷം.

മലബാറില്‍ മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ചില ആല്‍ബങ്ങളിലെല്ലാം ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതില്‍ ഹിറ്റായവയാണ് 'അരിപ്പോ തിരിപ്പോ', 'പൂവിതളല്ലെ ഫാസില' തുടങ്ങിയവ. അതിലെല്ലാം ചെറിയ വേഷങ്ങളും വലിയ വേഷങ്ങളും മാറിമാറി ചെയ്തുവന്നു. അതിനിടെ ഒരുദിവസം ബസ്സില്‍ പോകുമ്പോള്‍ കുറച്ച് സ്‌കൂള്‍ കുട്ടികള്‍ എന്നെ തിരിച്ചറിയുകയും, ഓട്ടോഗ്രാഫ് വാങ്ങാനായി ബസ്സിലേക്ക് ഓടിയെത്തുകയും ചെയ്തത് ഒരു ഓസ്‌കര്‍ അവാര്‍ഡ് കിട്ടിയാലെന്നതുപോലെ ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മയാണ്. എന്താണ് എഴുതണ്ടത് എന്ന് ഒരു പിടിയുമില്ലാതെ അവസാനം എഴുതി കൊടുത്തത് സ്‌നേഹപൂര്‍വ്വം കാര്‍ത്തിക് പ്രസാദ് എന്നാണ്.

'നിനക്കൊരു ഷര്‍ട്ടിട്ട് നടന്നൂടെ കാര്‍ത്തിക്കേ'

സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006-ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി ഞാനൊരു വേഷം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയരീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലൊന്നും എനിക്ക് ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അന്നെല്ലാം കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നു.

നല്ല പരമ്പരകളുടെ ഭാഗമായതുപോലെതന്നെ, ചില നല്ല സിനിമകളുടേയും ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ വേഷം എന്ന് പറയുമ്പോള്‍ മുഴുനീള കഥാപാത്രങ്ങളൊന്നുമല്ല. എന്നാലും നല്ല ടീമുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ഉണ്ടുതാനും. ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും അഭിനയിക്കാന്‍ കഴിഞ്ഞു. 

'ഞാനീ സിനിമാനടന്മാരെ മൈന്‍ഡ് ചെയ്യാറില്ല'

മൗനരാഗത്തിലെ എന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണിത്. ഇതുപോലെതന്നെയുള്ള ചില ആളുകളുണ്ട്. 'സീരിയലിലാണോ.. ഓ ഞാനീ സംഗതികളൊന്നും കാണാറില്ല' അത്തരത്തില്‍ സംസാരിക്കുന്ന ചില ആളുകള്‍. ചിലര്‍ അങ്ങനെ പറഞ്ഞ് സംസാരം നിര്‍ത്തും, എന്നാല്‍ മറ്റുചിലരാകട്ടെ, ഇത്രയും പറഞ്ഞുകഴിഞ്ഞ് പരമ്പരയുടെ കുറച്ച് ഭാഗങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. കാണുന്നുണ്ട്.. പക്ഷെ പറയാനൊരു മടിപോലെ. എന്താ കാരണം എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ചിലരുണ്ട്, വീട്ടിലിരിക്കുന്നത് കണ്ടാല്‍ ഇപ്പോ ഷൂട്ടൊന്നും ഇല്ലേ, പ്രൊജക്ട് ഡൗണ്‍ ആണോ എന്നെല്ലാം ചോദിക്കും, ഇനിയിപ്പോ ഷൂട്ടിലാണെന്ന് അറിഞ്ഞാല്‍ അപ്പോള്‍ തുടങ്ങും, സീരിയല്‍ അവസാനിക്കാനായോ, വേഷം കഴിയാറായോ എന്നുള്ള ചോദ്യങ്ങളും.

 

ഇരുപതോളം വര്‍ഷമായിട്ട് മിനിസ്‌ക്രീനില്‍ ഉണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി തന്നത് മൗനരാഗമാണ്. അതിന്‍റെ ക്രെഡിറ്റ് പരമ്പരയുടെ സംവിധായകന്‍ ഹാരിസണ്‍ സാറിനും തിരക്കഥാകൃത്ത് പ്രദീപേട്ടനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസേട്ടനും പ്രൊഡ്യൂസർ രമേശ് ബാബു സാറിനുമാണ്. കഴിഞ്ഞ ഓണത്തിന് പച്ചക്കറി വാങ്ങാന്‍പോയ സമയത്താണ് ജോസേട്ടന്‍ (ജോസ് പേരൂര്‍ക്കട) എന്നെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറയുന്നതും ഞാന്‍ മൗനരാഗത്തിലേക്ക് എത്തുന്നതും. ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും മൗനരാഗത്തിലൂടെയാണ്. ഇപ്പോള്‍ പലരും ബൈജു എന്നാണ് വിളിക്കുന്നതുതന്നെ. കഥാപാത്രത്തിന്‍റെ അവസ്ഥയില്‍ അല്ലാത്ത ആളാണെന്നറിയുമ്പോള്‍ ചില പ്രായമായവര്‍ക്കൊക്കെ സന്തോഷമാണ്, അങ്ങനെയുള്ള ചില സ്‌നേഹം എപ്പോഴും ഊര്‍ജ്ജം തന്നെയാണ്.

താരങ്ങളുടെ കെമിസ്ട്രിയുള്ള സെറ്റ്

'മൗനരാഗ'ത്തിന്‍റെ സെറ്റ് ഏറ്റവും പ്രിയപ്പെട്ട ഒരു ഇടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആര്‍ക്കുമാര്‍ക്കും പരസ്പര വൈരങ്ങളൊന്നുമില്ലാതെ മനോഹരമായൊരു കെമിസ്ട്രി വര്‍ക്കൗട്ട് ആവുന്ന സ്ഥലമാണ് സെറ്റ്. ബാലാജി, സേതുലക്ഷ്മിയമ്മ, സോന, നലീഫ് തുടങ്ങിയവരുടെയൊക്കെ ഡെഡിക്കേഷനെപ്പറ്റി പറഞ്ഞാല്‍ മതിയാകില്ല. ആകെ സെറ്റ് ഒരു ആഘോഷം തന്നെയാണ്. ശരിക്കുപറഞ്ഞാല്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നതിനേക്കാളിഷ്ടം സെറ്റിലെത്തുന്നതാണ്.

 

ഫഹദും ഭരത്‌ഗോപിയും ഏറെ പ്രിയപ്പെട്ടവര്‍

സിനിമയിലേക്ക് നോക്കുമ്പോള്‍ ഫഹദിനെയാണ് ഏറെയിഷ്ടം. ഭരത്‌ഗോപിയുടെ അഭിനയം കണ്ട് പലപ്പോഴും അന്തംവിട്ടുപോയിട്ടുമുണ്ട്. അവര്‍ രണ്ടുപേരുമാണെന്‍റെ ഹീറോസ് (ചിരിക്കുന്നു). സീരിയലില്‍ ഇഷ്ടപ്പെട്ട ഒരുപാട് ആളുകളുണ്ട്. എന്നാലും പെട്ടന്ന് ചോദിക്കുമ്പോള്‍ ഓടിവരുന്ന പേര് സാജന്‍ സൂര്യ. പണ്ട് കൂടെ അഭിനയിച്ചവരില്‍ ഇന്നും സൗഹൃദം സൂക്ഷിച്ചുവയ്ക്കുന്നവരില്‍ പ്രധാനിയാണ് സാജന്‍.

ഇപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്

കണ്ടാല്‍ തീരാത്ത, വായിച്ചാല്‍ മടുക്കാത്ത ഒരു കടലാണ് സിനിമ. എന്‍റെ പ്രധാന ഹോബികളിലൊന്ന് സിനിമ കാണുക എന്നതു തന്നെയാണ്. അത് നേരമ്പോക്കിന് മാത്രമല്ലെന്നുമാത്രം. ഞാനിപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്. കാണുന്നതിനനുസരിച്ച് നമുക്കും ഇംപ്രൂവ് ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. നല്ല അവവസരങ്ങള്‍ വരുമെന്ന് കരുതുന്നുണ്ട്. ഇതൊരു പുതിയ വര്‍ഷമാണല്ലോ, എല്ലാവരേയുംപോലെ ഞാനും ശുഭാപ്തി വിശ്വാസത്തിലാണ്.

click me!