
തെന്നിന്ത്യൻ താരസുന്ദരി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും(Nayanthara Vignesh Shivan) വിവാഹ വീഡിയോ ഉടൻ സ്ട്രീമിംഗ് തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ്(Netflix). റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. താരങ്ങളുടെ വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നയൻതാരയുടെയും വിഘ്നേഷിന്റെ ചിത്രം പങ്കുവച്ച് സ്ട്രീമിംഗ് വിവരം നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.
സ്ട്രീം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയെന്ന വാർത്തകളോട് നെറ്റ്ഫ്ലിക്സ് ഇന്ത്യ തലവൻ ടാന്യ ബാമി പ്രതികരിച്ചിരുന്നു. പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. 20 വർഷത്തോളമായി അവര്‍ സിനിമയില്‍ സജീവമാണ്. തങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ അത്ഭുതകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കുമെന്നാണ് ടാന്യ ബാമി വ്യക്തമാക്കിയിരുന്നത്.
തുക മടക്കിവേണം, വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്
ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ മുന്‍പ് തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു വിവരം.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.