
കൊച്ചി: ജൂൺ 9 ന് നയൻതാര തന്റെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭർത്താവ് വിഘ്നേഷ് ശിവന് ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ് താരം ഈ വിശേഷ ദിനത്തില്‍. വിഘ്നേഷിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും നയന്‍താര പോസ്റ്റ് ചെയ്തു.
2022 ജൂൺ 9 ന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ അഢംബര വേദിയിലായിരുന്ന നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. “ആരാണ് മറ്റൊരാളെ കൂടുതൽ സ്നേഹിക്കുന്നതെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചേക്കാം, നിങ്ങൾക്ക് ഒരിക്കലും ഉത്തരം കണ്ടെത്താതിരിക്കട്ടെ. ഞങ്ങളെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്. സ്നേഹം എങ്ങനെയായിരിക്കണമെന്ന് നീ എനിക്ക് കാണിച്ചുതന്നു. വാർഷികാശംസകൾ പാര്‍ട്ണര്‍. എപ്പോഴും, എപ്പോഴും, എന്നേക്കും സ്നേഹിക്കുന്നു." എന്നായിരുന്നു നയന്‍താരയുടെ കുറിപ്പ്.
നയൻതാരയും വിഘ്‌നേഷും ഒരുമിച്ച് ഒരു മഴക്കാല ഔട്ടിംഗ് ദൃശ്യങ്ങളാണ് നയന്‍സ് പോസ്റ്റ് ചെയ്തത്. പരസ്പരം പുഞ്ചിരിക്കുന്നതും അലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങള്‍ കൂട്ടത്തിലുണ്ട്. ഇതേ സമയം തന്നെ ഇരുവരും വളരെ കാഷ്വലായ ഡ്രസിലാണ് കാണപ്പെടുന്നത്.
2015-ൽ വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും ആദ്യമായി കണ്ടുമുട്ടിയത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് അവർ പ്രണയത്തിലായതെന്നും പിന്നീട് 2021 ൽ വിവാഹനിശ്ചയം കഴിഞ്ഞു. 2022 ജൂണിൽ ദമ്പതികൾ വിവാഹിതരായി, 2022 സെപ്റ്റംബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട ആൺമക്കള്‍ ഇവര്‍ക്കുണ്ടായി.
നിലവിൽ നയൻതാര മൂക്കുത്തി അമ്മൻ 2 ന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. എസ്. ശശികാന്ത് സംവിധാനം ചെയ്ത ടെസ്റ്റ് എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്, അതിൽ ആർ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവർക്കൊപ്പം അഭിനയിച്ചു. അതിനുമുമ്പ്, ഷാരൂഖ് ഖാനുമൊത്ത് ജവാൻ എന്ന ചിത്രത്തിലൂടെയാണ് അവർ ഏറെ ചർച്ച ചെയ്യപ്പെട്ട ഹിന്ദി ചലച്ചിത്ര അരങ്ങേറ്റം നടത്തിയത്. ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായി.