സ്പാനിഷ് അധ്യാപകദിനത്തില്‍ ആശംസകളുമായി 'പ്രൊഫസര്‍'; 'മണി ഹെയ്സ്റ്റ്' പുതിയ സീസണ്‍ എപ്പോഴെന്ന് ആരാധകര്‍

By Web TeamFirst Published Nov 29, 2020, 5:52 PM IST
Highlights

സ്പാനിഷ് അധ്യാപകദിനമായിരുന്ന 27ന് അല്‍വരോ മോര്‍ത്തെ പങ്കുവച്ച കുറിപ്പിനു താഴെ ചോദ്യവുമായി ആരാധകര്‍

നെറ്റ്ഫ്ളിക്സില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന പരമ്പരയാണ് മണി ഹെയ്സ്റ്റ്. സീരീസിന്‍റെ നാലാം സീസണ്‍ പുറത്തിറങ്ങിയത് ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷമായിരുന്നു. ഒടിടി സിരീസുകള്‍ കാണുന്ന മലയാളികള്‍ക്കിടയിലും ഏറെ ജനപ്രിയമാണ് ഈ പരമ്പര. ഒരു ജനപ്രിയ മലയാള ചിത്രത്തിലെ കഥാപാത്രങ്ങളെക്കാളും ആരാധകരുണ്ടാവും കേരളത്തില്‍ മണി ഹെയ്സ്റ്റ് കഥാപാത്രങ്ങള്‍ക്കെന്ന് പറഞ്ഞാല്‍ അത്ര അതിശയോക്തി ആവില്ല. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കഥാപാത്രം ഏതെന്ന ചോദ്യത്തിന് ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ഒരൊറ്റ ഉത്തമേയുണ്ടാവൂ. അത് 'പ്രൊഫസര്‍' എന്നാണ്. പരമ്പരയിലെ മാസ്റ്റര്‍ മൈന്‍ഡ് ആയ പ്രൊഫസറെ അവതരിപ്പിക്കുന്നത് അല്‍വരോ മോര്‍ത്തെ എന്ന സ്പാനിഷ് നടനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അല്‍വരോ സ്പാനിഷ് അധ്യാപകദിനമായിരുന്ന 27ന് ഒരു ഇന്‍സ്റ്റഗ്രാം സന്ദേശം പങ്കുവച്ചിരുന്നു. അതിനു താഴെയും എപ്പോഴത്തെയും പോലെ അടുത്ത സീസണ്‍ എപ്പോഴെന്നായിരുന്നു ആരാധകര്‍ക്ക് അറിയാനുണ്ടായിരുന്നത്. 

അല്‍വരോ മോര്‍ത്തെയുടെ കുറിപ്പിങ്ങനെ

'ഇന്ന് അദ്ധ്യാപക ദിനമാണ്. കൗമാരപ്രായത്തെപ്പറ്റി നിങ്ങള്‍ക്കറിയാവുന്നതുപോലെതന്നെ, ഞങ്ങളുടെ മനസിലെ അജ്ഞത അദ്ധ്യാപകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വില നല്‍കാന്‍ അനുവദിക്കാറില്ല. ബഹുമാനത്തേക്കാളുപരിയായി, മത്സരമാണ് തങ്ങളുടെ വ്യക്തിത്വത്തിന് ശക്തി പകരുക എന്ന ചിന്തകളാണ് ചില പ്രായങ്ങളിലുണ്ടാകാറുള്ളത്. തീര്‍ച്ചയായും ഞാനും അതിലൊരാളായിരുന്നു.

നിങ്ങള്‍ക്ക് നന്ദി. ഞങ്ങളെ നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി. ചെറുപ്പകാലത്ത് ഞങ്ങള്‍ക്ക് മനസ്സിലാകാത്ത ഒന്ന് പറയട്ടെ, എന്തൊരു നല്ല ജോലിയാണ് നിങ്ങളുടേത്.. നിങ്ങള്‍ അദ്ധ്യാപകര്‍ക്ക് എന്‍റെ എല്ലാ ആശംസകളും.'

click me!