'ഇപ്പോൾ എല്ലാവരും നല്ല സുഹൃത്തുക്കള്‍'; ബിഗ് ബോസിലെ മത്സരത്തിന്‍റെ പേരിൽ തങ്ങളെ ആക്രമിക്കരുതെന്ന് രമ്യ

By Web TeamFirst Published Jun 13, 2021, 9:37 PM IST
Highlights

ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയതിൽ സന്തോഷമുണ്ടെന്ന് രമ്യ പറയുന്നു. "ആദ്യം പുറത്തായപ്പോൾ നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ലെന്ന് സങ്കടമുണ്ടായിരുന്നു. തിരിച്ചുവരവിൽ അത് സാധ്യമായി".

ബിഗ് ബോസ് സീസൺ മൂന്നിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നടി രമ്യ പണിക്കര്‍. ഒമർ ലുലു ചിത്രം ചങ്ക്സിലൂടെ ശ്രദ്ധ നേടിയ താരം ബിഗ് ബോസിലും ചലനമുണ്ടാക്കി. ആദ്യം പുറത്തായ താരം വൈൽഡ് കാർഡ് എൻട്രിയായി വീണ്ടും ഷോയിലെത്തി മത്സരം തുടരുകയായിരുന്നു. ഷോയിൽ വലിയ സ്വീകാര്യത ലഭിച്ച താരത്തിന് നിരവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു. എന്നാൽ ചില വിമർശനങ്ങളും രമ്യയെ പിന്തുടർന്നിരുന്നു. ഷോയിൽ സംഭവിച്ച കാര്യങ്ങൾ വച്ച് തങ്ങളിലാരെയും ആക്രമിക്കരുതെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് രമ്യ ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയോടാണ് രമ്യയുടെ പ്രതികരണം.

ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയതിൽ സന്തോഷമുണ്ടെന്ന് രമ്യ പറയുന്നു. ആദ്യം പുറത്തായപ്പോൾ നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ലെന്ന് സങ്കടമുണ്ടായിരുന്നു. തിരിച്ചുവരവിൽ അത് സാധ്യമായി. ബിഗ് ബോസ് ഭാവിയിലേക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും രമ്യ പറയുന്നു. സിനിമയിൽ സ്ക്രിപ്റ്റ് പ്രകാരം അഭിനയിച്ചാൽ മതി. പക്ഷെ പ്രശ്നങ്ങളെ നേരിടാനും പരിഹരിക്കാനുമടക്കം ഷോ തന്നെ പരുവപ്പെടുത്തി.

ഫാൻസിനോട് എനിക്ക് അപേക്ഷയുണ്ട്. മത്സരാർത്ഥികളെല്ലാം നല്ല സുഹൃത്തുക്കളാണിപ്പോൾ. ഷോയിൽ ചില തർക്കങ്ങളും പ്രശ്നങ്ങളും കണ്ടിരിക്കാം. അത് അവിടെ തന്നെ അവസാനിപ്പിച്ചു. അതെല്ലാം വളരെ നൈമിഷികമായാണ് മത്സരാർത്ഥികൾ എടുത്തത്. അതെല്ലാം ഗെയിം പ്ലാനിന്‍റെ ഭാഗമായി നടന്നതാണെന്ന് എല്ലാവരും ഉൾക്കൊണ്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഷോയ്ക്കുള്ളിൽ നടന്ന കാര്യങ്ങളെച്ചൊല്ലി തങ്ങളിൽ ആരെയും ആക്രമിക്കരുതെന്ന് ബിഗ് ബോസ് ഫാൻസിനോട് അപേക്ഷിക്കുകയാണെന്നും രമ്യ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!