
തിരുവനന്തപുരം: വ്യക്തീജിവിതത്തിലെയും സീരിയലിലെയും വിശേഷങ്ങൾ പങ്കുവെച്ച് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയലിലെ അഭിനേതാക്കളായ ലക്ഷ്മി കീർത്തനയും രശ്മി രാഹുലും. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സീരിയൽ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും കഥയാണ് പത്തരമാറ്റ് പറയുന്നത്.
സ്വന്തം സീരിയൽ കണ്ട് രശ്മി കരയാറുണ്ടെന്ന കാര്യം പറയുന്നത് ലക്ഷ്മിയാണ്. സ്വന്തം കരൾ പോലും ദാനം ചെയ്ത നയനയെക്കുറിച്ച് (ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രം) ഓർക്കുമ്പോൾ കരച്ചിൽ വന്നെന്നായിരുന്നു രശ്മിയുടെ പ്രതികരണം. ''അഭിനയം അത്രയും ഇഷ്ടമാണ്. അതുകൊണ്ടാണ് വില്ലത്തിയുടെ വേഷമായിട്ടു പോലും സമ്മതിച്ചത്'', രശ്മി കൂട്ടിച്ചേർത്തു. പത്തരമാറ്റിൽ ലക്ഷ്മി അവതരിപ്പിക്കുന്ന നയനയുടെ അമ്മായിഅമ്മയുടെ വേഷമാണ് രശ്മിക്ക്.
ഒരിക്കൽ തിരുവനന്തപുരം ലുലുമാളിൽ വെച്ച് ചിലർ തങ്ങളെ തിരിച്ചറിഞ്ഞ് അടുത്തെത്തിയെന്നും തന്നെ കണ്ട് മുഖം മാറിയെന്നും രശ്മി അഭിമുഖത്തിൽ പറഞ്ഞു. ലക്ഷ്മിയോട് സ്നേഹത്തോടെ ചിരിച്ച് സംസാരിച്ച് തന്നെ നോക്കിയപാടേ ദേഷ്യഭാവമാണ് കാണിച്ചതെന്നും നിങ്ങളും ഉണ്ടായിരുന്നോ കൂടെ എന്ന് ഇഷ്ടപ്പെടാത്ത രീതിയിലായിരുന്നു അവരുടെ ചോദ്യമെന്നും രശ്മി കൂട്ടിച്ചേർത്തു. സീരിയലിലെ കഥാപാത്രത്തോടുള്ള അനിഷ്ടം പുറത്തിറങ്ങുമ്പോൾ തന്റെ നേരെ പലരും കാണിക്കാറുണ്ടെന്നും രശ്മി പറഞ്ഞു.
പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനക ദുർഗയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. ടോണിയും നീന കുറുപ്പുമാണ് പത്തരമാറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജീവിതം, മാജിക്, കഠിനാധ്വാനം എന്നിവയിൽ വിശ്വസിക്കുന്നു; 'ഡൊമനിക്' റിലീസിന് മുൻപ് ഗൗതം മേനോൻ