
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ സുപരിചിതയായ വ്ലോഗറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. ഇവർക്കൊപ്പം കൃഷ്ണ കുമാറിന്റെ മുഴുവൻ കുടുംബത്തിനും വൻ ആരാധക വൃന്ദം തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ട്. തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ദിയ, ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട സന്തോഷം ആണ് ദിയ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മകൻ ഓമിയെ(നിയോം അശ്വിൻ കൃഷ്ണ) ലാളിക്കുന്ന മോദിയുടെ ഫോട്ടോകളും ദിയ പങ്കിട്ടുണ്ട്.
പിന്നാലെ ഓമിക്കൊപ്പമുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും. 'യുവ സുഹൃത്തിനൊപ്പം' എന്ന് കുറിച്ചാണ് മോദി ഫോട്ടോ പങ്കിട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആരാണ് ഈ കുഞ്ഞെന്ന് തിരഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. ഇവയ്ക്ക് ചില മലയാളികൾ ദിയ കൃഷ്ണയുടെ മകനാണെന്ന് മറുപടിയും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കൃഷ്ണ കുമാറും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
അതേസമയം ബിഗ് ഫാൻ മൊമന്റ് എന്നാണ് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. "ഏറ്റവും വലിയ ആരാധക നിമിഷം! നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടൊപ്പം ഒരു മണിക്കൂറോളം സമയം ചെലവഴിച്ചു. ഞാനും എൻ്റെ കുടുംബവും ഒരിക്കലും മറക്കാത്ത ഒരു ദിവസമാണത്. ഇത് സാധ്യമാക്കിയതിന് അച്ചന് നന്ദി. എന്നും എന്നേക്കും അങ്ങയുടെ വലിയ ആരാധികയാണ്", എന്നാണ് ദിയ കൃഷ്ണ കുറിച്ചത്.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന കാഴ്ചപ്പാടും അർപ്പണബോധവും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും തുടരുന്ന ഒരു നേതാവ്. ഇത് സാധ്യമാക്കിയ അമ്മാവന് നന്ദി പറയുകയാണ്", എന്നാണ് ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.