
'പൗര്‍ണമിത്തിങ്കളാ'യെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരമാണ് ഗൗരി കൃഷ്ണ (Gowri Krishnan). പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിക്കും ഗൗരിയെ സ്‌നേഹിക്കുന്നവര്‍ക്കും ആ ഒരു ഫീല്‍ മാറിയില്ലെന്നുവേണം പറയാന്‍. അതുതന്നെയാണ് ആനന്ദ് നാരായണനുമായുള്ള (Anand Narayanan) ഏറ്റവും പുതിയ സംഭാഷണത്തില്‍ ഗൗരി പറയുന്നതും. സാന്ത്വനം എന്ന പരമ്പരയിലെ ശിവാഞ്ജലിയെ സോഷ്യല്‍മീഡിയ വൈറലാക്കിയത് അടുത്താണല്ലോ, എന്നാല്‍ അതുപോലെതന്നെ സോഷ്യല്‍മീഡിയ ആഘോഷിച്ച താരങ്ങളാണ് ഗൗരിയും വിഷ്ണുവും. കുടുംബവിളക്കിലെ അനിരുദ്ധ് ആയെത്തി മലയാളികളുടെ ഹൃദയത്തിലിടം നേടിയ ആനന്ദ് നാരായണന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച ഗൗരിയുമായുള്ള അഭിമുഖമാണ് പൗര്‍ണമിത്തിങ്കള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പൗര്‍ണമിയെ അങ്ങനങ്ങ് ഉപേക്ഷിക്കാന്‍ പറ്റില്ലെന്നും താന്‍ മറക്കാന്‍ ശ്രമിച്ചാലും തന്നെ സ്‌നേഹിക്കുന്ന മിക്ക ആളുകളും കാണുമ്പോള്‍ പൗര്‍ണമി എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ഗൗരി പറയുന്നു. ഇടയ്ക്കിടെ തന്നെത്തന്നെ ഓര്‍മ്മിപ്പിക്കും താന്‍ ഗൗരിയാണെന്ന്, അത്രയ്ക്ക് പൗര്‍ണമിയായി കഴിഞ്ഞിരുന്നു എന്നാണ് ഗൗരി പറയുന്നത്. കൂടാതെ തന്‍റെ സിനിമാ വിശേഷങ്ങളും ഗൗരി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്. ട്രാഫിക് സിനിമയില്‍ ശ്രീനിവാസന്‍റെ മകളായാണ് ഗൗരി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ട്രാഫിക്കിലേക്ക് ഗൗരിയെത്തുന്നത്. ഫാമിലി ഫ്രണ്ട്‌സാണ് ട്രാഫിക്കിന്‍റെ എല്ലാമെല്ലാം, അതുകൊണ്ടുതന്നെ ഒരു സിനിമയില്‍ അഭിനയിക്കുന്ന ഫീല്‍ ഒന്നും കിട്ടിയിരുന്നില്ല. അതുകഴിഞ്ഞ് ഒരു വലിയ ബ്രേക്കിന് ശേഷമാണ് പരമ്പരകളിലേക്കെത്തിയത്.
ആനന്ദ് നാരായണന്‍ ആദ്യമായി അഭിനയിച്ച പരമ്പരയില്‍ ആനന്ദിന്‍റെ മുറപ്പെണ്ണായിട്ടായിരുന്നു ഗൗരിയുടെ വേഷം. സൂര്യാ ടി.വിയിലെ 'എന്ന് സ്വന്തം ജാനി' എന്ന പരമ്പരയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. അതിന്‍റെ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കുന്നുണ്ട്.
പതിനെട്ട് വയസുള്ളപ്പോള്‍ അനിയത്തി എന്ന പരമ്പരയിലാണ് ഗൗരി എത്തുന്നത്. ആ സമയത്ത് പരമ്പരകളിലേക്ക് എത്തിയപ്പോഴുണ്ടായ ചില മോശം അനുഭവങ്ങളും ഗൗരി പറയുന്നുണ്ട്. 'അനിയത്തി സെറ്റില്‍ ഒരാള്‍ മിക്കപ്പോഴും എന്നെ ഒരു കണ്ണിറുക്കി കാണിക്കുമായിരുന്നു. ഇത് പലപ്പോഴും ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ വളരെ നന്നായി റിയാക്ട് ചെയ്തു. ആ സമയത്ത് സെറ്റിലെ ഒരാള്‍ എന്നെ പ്രൊടക്ട് ചെയ്യുകയും, മറ്റെയാളെ ചീത്ത പറയുകയും ചെയ്തു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞ് രാത്രി ഇയാള്‍ എനിക്ക് മെസേജ് അയക്കുവാണ്. കഴിച്ചോ, കുടിച്ചോ, അമ്മ ഉറങ്ങിയോ എന്നെല്ലാം ചോദിച്ചിട്ട് അയാള്‍ ചോദിച്ചത് പുറത്തേക്ക് വന്നിട്ട് എനിക്കൊരു ഉമ്മ തരുമോ എന്നായിരുന്നു. എനിക്കയാളുടെ ഭാര്യയേയും മറ്റുമറിയാം, അവരോട് ഇതിന്‍റെ ഉത്തരം പറയണോ എന്നാണ് ഞാന്‍ അന്ന് അയാളോട് ചോദിച്ചത്. പിറ്റേന്ന് ലൊക്കേഷനില്‍ ചെന്നിട്ട് എനിക്ക് അറിയാവുന്ന എല്ലാവരോടും ഞാന്‍ ഈ കാര്യം പറഞ്ഞു. അത് കഴിഞ്ഞും അത്തരം ചില പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷെ ആ സമയം കഴിഞ്ഞ് ഒരു രണ്ട് വര്‍ഷംകൂടി കഴിഞ്ഞതോടെ പിന്നെയാരും അത്തരത്തില്‍ സംസാരിക്കാന്‍ വന്നിട്ടില്ല' എന്നാണ് ഗൗരി പറയുന്നത്.
മുഴുവൻ വീഡിയോ കാണാം