ചിത്രീകരണം മുംബൈയില്‍, ഭക്ഷണം വരുത്തിയത് മറ്റൊരു സംസ്ഥാനത്തുനിന്ന് വിമാനത്തില്‍! അന്നത്തെ 'ചീറ്റ് ഡേ'യെക്കുറിച്ച് പ്രഭാസ്

Published : Feb 22, 2026, 01:58 PM IST
prabhas and entire shooting unit of Adipurush mumbai schedule one day had lunch from chennai

Synopsis

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് പ്രഭാസിന്‍റെ വെളിപ്പെടുത്തല്‍

ഒരു സിനിമ കൊണ്ട് ഇത്രയധികം റീച്ച് ഉണ്ടാക്കിയ മറ്റൊരു താരം ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പ്രഭാസിനെപ്പോലെ ഉണ്ടാവില്ല. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമാവൃത്തങ്ങളില്‍ പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം പോലും പോപ്പുലര്‍ ആയത്. ബാഹുബലിയുടെ നേട്ടം പ്രഭാസിന്‍റെ കരിയറില്‍ വലിയ നേട്ടമായി മാറി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ളതും ഏറ്റവും പ്രതിഫലം വാങ്ങുന്നതുമായ നടന്മാരില്‍ ഒരാളാണ് പ്രഭാസ്. അതേസമയം താരഭാരമൊന്നും ഒപ്പം കൊണ്ടുനടക്കാത്ത ആളാണ് ആരാധകരും അടുപ്പമുള്ളവരും ഡാര്‍ലിംഗ് എന്ന് പേരിനൊപ്പം ചേര്‍ത്ത് വിളിക്കാറുള്ള പ്രഭാസ്. ഇപ്പോഴിതാ താന്‍ നായകനായ ഒരു സിനിമയുടെ സെറ്റില്‍ നടന്ന കൗതുകകരമായ ഒരു കാര്യത്തെക്കുറിച്ച് പ്രഭാസ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ആദിപുരുഷ് എന്ന സിനിമയുടെ സെറ്റില്‍ താന്‍ തന്നെ ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്. 2023 ല്‍ പുറത്തെത്തിയ മിത്തോളജിക്കല്‍ ആക്ഷന്‍ ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂളിനിടെയാണ് സംഭവം. വലിയ ഭക്ഷണപ്രിയനായ പ്രഭാസ് ഒരു ദിവസം സെറ്റില്‍ ചീറ്റ് ഡേ പ്രഖ്യാപിക്കുന്നു. സ്വന്തമായി മാത്രമല്ല, സ്ഥിരം ഭക്ഷണ ചിട്ടകള്‍ ഉപേക്ഷിക്കാന്‍ സെറ്റിലെ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. മണിക്കൂറുകള്‍ കടന്നുപോകുന്നു. എന്നാല്‍ ഭക്ഷണം വരുന്നില്ല. ഒടുവില്‍ ആഹാരം വൈകുന്നതിന്‍റെ കാര്യം ആരോ തിരക്കുന്നു. തുടര്‍ന്ന് ആ രഹസ്യം പ്രഭാസ് വെളിപ്പെടുത്തുന്നു. ചെന്നൈയില്‍ നിന്ന് വേണം ഭക്ഷണം വരാന്‍!

കേട്ടവര്‍ ഞെട്ടിയെങ്കിലും അവര്‍ ആദ്യം കരുതിയത് മുംബൈയിലെ ഏതോ ലോക്കല്‍ റെസ്റ്റോറന്‍റില്‍ നിന്നാവും ആഹാരം വരിക എന്നായിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്നും ശരിക്കും ചെന്നൈയില്‍ നിന്നാണെന്നും പ്രഭാസ് തിരുത്തി. തനിക്ക് ഇഷ്ടപ്പെട്ട ചെന്നൈ രുചികള്‍ വിമാന മാര്‍ഗം വരുത്തുകയായിരുന്നു പ്രഭാസ്. തനിക്ക് മാത്രമല്ല, സെറ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും. മണിക്കൂറുകള്‍ കാത്തുനിന്നത് വെറുതെ ആയില്ലെന്ന് അന്ന് അത് കഴിച്ചവര്‍ പറഞ്ഞതായി പ്രഭാസ് തന്നെ പറയുന്നു. കപ്പിള്‍ ഫ്രണ്ട്ലി എന്ന തെലുങ്ക് ചിത്രത്തിന്‍റെ പ്രചരണാര്‍ഥം ചിത്രത്തിലെ താരങ്ങളുമായി പ്രഭാസ് നടത്തുന്ന അഭിമുഖം നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലാണ് പ്രഭാസ് രസകരമായ ഈ സംഭവം വെളിപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ഭരണഘടന സാക്ഷിയായി..; ശ്രദ്ധനേടി വേടന്റെ കല്യാണിക്കുറി
കല്ലുവിന് എന്താ ചേല്..; കല്യാണി പ്രിയദർശന്റെ ബോഡി ട്രാൻസ്‌ഫോർമേഷൻ കണ്ട് ഞെട്ടി മലയാളികൾ